ഉദയായുടെ കോഴി അടുത്തവർഷം കൂവും


36 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഉദയായുടെ കോഴി കൂവാൻ തുടങ്ങുന്നു. നടൻ കുഞ്ചാക്കോ ബോബനിലൂടെയാണ് ഉദയാ ബാനർ വീണ്ടും വെള്ളിത്തിരയിലേയ്ക്ക് മടങ്ങി വരുന്നത്. സിദ്ധാർത്ഥ് ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അടുത്തവർഷം ജനുവരിയിലാണ് ഉദയായുടെ ചിത്രം ആരംഭിക്കുന്നത്. പുതുവർഷത്തിൽ കുഞ്ചാക്കോ ബോബൻ ആദ്യം അഭിനയിക്കുന്ന ചിത്രവും ഇതാണ്. സിദ്ധാർത്ഥ് ശിവ തന്നെ രചന നിർവ്വഹിക്കുന്ന ചിത്രം കുഞ്ചോക്കോ ബോബൻ നിർമ്മിക്കും.

അറുപതുകളിലും എഴുപതുകളിലും മലയാള സിനിമ അധികവും നിർമ്മിക്കപ്പെട്ടിരുന്നത് ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോയിലായിരുന്നു. അന്നത്തെ സൂപ്പർ താരങ്ങളായ സത്യനും പ്രേം നസീറും മധുവും ഉമ്മറുമൊക്കെ വർഷത്തിൽ ആറും ഏഴും മാസം ഉദയാ ചിത്രങ്ങൾക്ക് വേണ്ടി മാറ്റി വയ്ക്കുമായിരുന്നു. ഇവർക്ക് വേണ്ടി ഉദയായിൽ സ്ഥിരമായ കോട്ടേജുകളുണ്ടായിരുന്നു. നിർമ്മാതാവെന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ഉദയാ സ്റ്റുഡിയോയ്ക്ക് ചുക്കാൻ പിടിച്ചിരുന്നത് കുഞ്ചാക്കോയാണ്. ഉദയായുടെ ചിഹ്നമായ കോഴി കൂവുമ്പോൾ തന്നെ പ്രേക്ഷകർ കൈയടിക്കുമായിരുന്നു. അത്രയ്ക്ക് ജനപ്രിയമായിരുന്നു ഇൗ ബാനർ.

കുഞ്ചാക്കോ സംവിധാനം ചെയ്ത ആദ്യചിത്രം 1960 ൽ റിലീസായ ഉമ്മയാണ്. തിക്കുറിശ്ശി നായകനായ ഈ ചിത്രം വൻ ഹിറ്റായിരുന്നു. 75 ചിത്രങ്ങളാണ് കുഞ്ചാക്കോ നിർമ്മിച്ചത്. ഉദയായുടെ ഒടുവിലത്തെ ചിത്രം കുഞ്ചാക്കോയുടെ മകൻ ബോബൻ കുഞ്ചാക്കോ സംവിധാനം ചെയ്ത പാലാട്ട് കുഞ്ഞിക്കണ്ണനാണ്. കുഞ്ചാക്കോ ബോബന്റെ അച്ഛനാണ് ബോബൻ കുഞ്ചാക്കോ.

You might also like

  • Straight Forward

Most Viewed