എന്തുകൊണ്ട് ഡബ്ല്യുസിസിയിൽ ഇപ്പോൾ സജീവമല്ല? പ്രതികരണവുമായി മഞ്ജു

കൊച്ചി: ഡബ്ല്യുസിസിയുടെ ചർച്ചാവേദികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതിന്റെ കാരണം വ്യക്തമാക്കി നടി മഞ്ജു വാര്യർ. ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. ‘സംഘടനയുടെ രൂപീകരണ ഘട്ടത്തിൽ ഉണ്ടായിരുന്നു. അതിനുശേഷം അതിന്റെ മുൻനിരയിൽ നിന്ന് കാര്യങ്ങൾ ചെയ്യാനുള്ള സമയം ഉണ്ടായിട്ടില്ലെന്ന് മഞ്ജു പറയുന്നു.
‘അമ്മ’യിൽനിന്ന് രാജി വച്ച നടിമാർ സംഘടനയുടെ ഭരണഘടനയിൽ തിരുത്തൽ ആവശ്യപ്പെട്ട വേദികളിലും മഞ്ജുവിന്റെ അസാന്നിധ്യം ഉണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ- ‘എനിക്ക് എല്ലാ കാര്യങ്ങളിലും സ്വതന്ത്രമായ, വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ആവശ്യമുള്ള ഘട്ടങ്ങളിലേ ഞാൻ അഭിപ്രായങ്ങൾ പറയാറുള്ളൂ. പറയേണ്ട അഭിപ്രായങ്ങളും നിലപാടുകളും പറയേണ്ടിടത്ത് കൃത്യമായി പറഞ്ഞിട്ടുമുണ്ട്’.
ഡബ്ല്യു.സി.സിയിൽ അഭിപ്രായവ്യത്യാസമുണ്ടോ എന്ന ചോദ്യത്തിന് മഞ്ജു വാര്യരുടെ മറുപടി ഇങ്ങനെ- ‘ഒരു സംഘടന എന്ന് പറഞ്ഞാൽ പലതരം ആളുകളുള്ള ഇടമാണല്ലോ. അഭിപ്രായവ്യത്യാസങ്ങളൊക്കെ സ്വാഭാവികമായിട്ടും ഉണ്ടാവും.’