മോഹന്‍ലാലിനും സുചിത്രയ്ക്കും ഇന്ന് 31ാം വിവാഹവാര്‍ഷികം

കൊച്ചി: മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയുടെയും 31-ാം വിവാഹവാര്‍ഷികമാണ് ഇന്ന്. 31ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന മോഹന്‍ലാലിനും സുചിത്രയ്ക്കും ആശംസ നേര്‍ന്ന് ആരാധകലോകവും എത്തിയിട്ടുണ്ട്. 1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. പ്രശസ്ത തമിഴ് നടനും നിര്‍മ്മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. ജാതകം ചേരില്ലെന്ന കാരണത്താല്‍ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാര്‍ നടത്തികൊടുക്കുകയായിരുന്നു.
സിനിമയില്‍ നേട്ടങ്ങള്‍ ഒന്നൊന്നായി പിന്നിടുമ്പോഴും മോഹന്‍ലാല്‍ തന്നേയും കൃത്യമായി ചേര്‍ത്തുപിടിച്ചിരുന്നുവെന്ന് സുചിത്ര പറയുന്നു. സിനിമാതിരക്കുകള്‍ക്കിടയില്‍ കുടുംബത്തിലെ കാര്യങ്ങളും ബിസിനസ്സുമൊന്നും ശ്രദ്ധിക്കാന്‍ താരത്തിന് കഴിയുമായിരുന്നില്ല, യാതൊരുവിധ പരാതികളുമില്ലാതെ സുചിത്രയായിരുന്നു എല്ലാം ചെയ്തിരുന്നത്. നടന്മാരായ പ്രേംനസീര്‍, തിക്കുറിശ്ശി, കെ.പി. ഉമ്മര്‍, സുകുമാരന്‍, ഫാസില്‍, മമ്മൂട്ടി, ജഗതി ശ്രീകുമാര്‍, ബാലചന്ദ്രമേനോന്‍, ശ്രീനിവാസന്‍, സംവിധായകരായ സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, വേണുനാഗവള്ളി, രാഷ്ട്രീയനേതാവായ കെ. കരുണാകരൻ തുടങ്ങിയ നിരവധി പ്രമുഖര്‍ മോഹൻലാലിന്റെ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. ആ വിവാഹ വീഡിയോ ഇന്നും യൂട്യൂബിൽ വൈറലാണ്.