സുരേഷ് കല്ലടയ്ക്കെതിരേ കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ്

കൊച്ചി: യാത്രക്കാർക്ക് മർദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട കേസിൽ ബസ് ഉടമ സുരേഷ് കല്ലടയ്ക്ക് പോലീസ് ക്ലീൻചിറ്റ് നൽകിയില്ല. സുരേഷ് കല്ലടയ്ക്കെതിരേ കൂടുതൽ അന്വേഷണം വേണമെന്നാണ് പോലീസ് നിലപാട്. കഴിഞ്ഞ ദിവസം പോലീസിനു മുന്പാകെ സുരേഷ് കല്ലട ഹാജരായെങ്കിലും കേസിൽ സുരേഷിന്‍റെ പങ്ക് ഇനിയും അന്വേഷിക്കേണ്ടതുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കേസിൽ പിടിയിലായ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്നും തൃക്കാക്കര എസിപി അറിയിച്ചു. അറസ്റ്റിലായവർക്കെല്ലാം കേസിൽ നേരിട്ട് പങ്കുള്ളവരാണ്. കല്ലട ബസുകളിൽ ആയുധം സൂക്ഷിക്കുന്നതായി യാത്രക്കാരുടെ മൊഴിയുണ്ടെങ്കിലും അതു കണ്ടെത്തണമെങ്കിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യണമെന്നുമാണ് പോലീസ് ഭാഷ്യം. അതേസമയം, സംസ്ഥാനത്ത് ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് പരിശോധന തുടരുകയാണ്. ശനിയാഴ്ച രാത്രിയിൽ 168 ദീർഘദൂര ബസുകൾ പോലീസ് പരിശോധിച്ചു. പെർമിറ്റ് ലംഘനം കണ്ടെത്തിയ വാഹനങ്ങളിൽനിന്നും 5,05,000 രൂപ പിഴ ഈടാക്കി. 120 ബസുകളിലാണ് പെർമിറ്റ് ലംഘനം കണ്ടെത്തിയത്. കല്ലടയുടെ 20 ബസുകൾക്ക് നോട്ടീസ് നൽകി. 43 ട്രാവൽ ഏജൻസികൾക്ക് നോട്ടീസ് നൽകിയതായും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.