ചാരുഹാസന് ജോഡിയായി കീർത്തി സുരേഷിന്റെ മുത്തശ്ശി

ചെന്നൈ: ചാരുഹാസൻ, ജനകരാജ്, സരോജ എന്നിവരെ കഥാപാത്രങ്ങളാക്കി വിജയ് ശ്രീ ജി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ദാ ദാ 87. 1988ൽ ഇറങ്ങിയ കമൽഹാസൻ ചിത്രം സത്യയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലേതായി പുറത്തു വന്ന ഒരു പ്രണയരംഗം ഇപ്പോൾ തമിഴ് സിനിമാലോകത്ത് ചർച്ചയാവുകയാണ്. പ്രായമേറിയ, ജരാനരകൾ ബാധിച്ച, രണ്ടു ദന്പതികൾ ആദ്യ രാത്രിയിൽ മുറിയിൽ വച്ച് തമ്മിൽ കാണുന്പോഴുള്ള രംഗമാണിത്. കമൽഹാസന്റെ സഹോദരനും നടനുമായ ചാരുഹാസനും കീർത്തി സുരേഷിന്റെ മുത്തശ്ശിയായ സരോജയുമാണ് ഈ രംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ഇഞ്ചി ഇടുപ്പഴകി എന്ന ഗാനമാണ് പശ്ചാത്തലത്തിൽ കേൾക്കുന്നത്. പ്രണയത്തിന് പ്രായമൊരു പ്രശ്നമേയല്ലെന്ന് തെളിയിക്കുന്ന ഈ പ്രണയരംഗം സോഷ്യൽ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു. മാർച്ച് ഒന്നിനാണ് ദാ ദാ 87 റിലീസാകുന്നത്. കാലൈ സിനിമാസ് ആണ് നിർമ്മാതാക്കൾ.