മകൾ മുഖം മറച്ചെത്തിയ സംഭവത്തിൽ വിശദീകരണവുമായി എ.ആർ റഹ്‍മാൻ

മുംബൈ : ബോളിബുഡ് ചിത്രം സ്ലംഡോഗ് മില്യണയറിന്റെ പത്താം വാർഷികം ആഘോഷിച്ച പരിപാടി ഈയിടയാണ് നടന്നത്. ചലച്ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് 2009ൽ ഓസ്കർ പുരസ്കാരം ലഭിച്ച എആർ റഹ്‌മാനും പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിയിൽ റഹ്മാനെ അഭിമുഖം ചെയ്യാനുളള അവസരം അദ്ദേഹത്തിന്റെ മകൾ ഖദീജയ്ക്കാണ് ലഭിച്ചത്.
മുഖം മൂടുന്ന തരത്തിലുളള നിഖാബ് ധരിച്ചാണ് ഖദീജ വേദിയിലെത്തിയത്. കറുത്ത പട്ടുസാരി ധരിച്ച് കണ്ണുകൾ മാത്രം കാണുന്ന തരത്തിലായിരുന്നു ഖദീജയുടെ വസ്ത്രധാരണം. എന്നാൽ ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. റഹ്മാനെ പോലൊരാൾ തന്റെ മകളെ ഇത്തരത്തിൽ വസ്ത്രം ധരിക്കാൻ നിർബന്ധിക്കുന്നത് എന്തുകൊണ്ടെന്നാണെന്ന തരത്തിലാണ് വിമർശനങ്ങൾ ഉയർന്നത്. റഹ്മാന്റെ മകൾ ‘യാഥാസ്ഥിതികവേഷം’ ധരിക്കുമെന്ന് കരുതിയില്ലെന്ന തരത്തിലും അഭിപ്രായങ്ങളും ഉയർന്നിരുന്നു.
ഇതിനെതിരെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റഹ്മാന്‍. ëfreedom to chooseí എന്ന ഹാഷ് ടാഗോടെ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രത്തിലൂടെയാണ് റഹ്മാൻ വിമർശകർക്ക് തക്കതായ മറുപടി നൽകിയത്. ഭാര്യയും മക്കളും നിതാ അംബാനിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് റഹ്മാൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിൽ ഭാര്യ സൈറ തല മാത്രമേ മറച്ചിട്ടുള്ളു. മറ്റൊരു മകൾ റഹീമ മതപരമായ യാതൊരു അടയാളങ്ങളും ഇല്ലാതെയാണ് വസ്ത്രം ധരിച്ചിട്ടുള്ളത്. ഈ ഫോട്ടോയിലും ഖദീജ മുഖം മൂടുന്ന തരത്തിലുളള നിഖാബാണ് ധരിച്ചിരിക്കുന്നത്.
സംഭവത്തിൽ ഖദീജയും തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ആരുടെയും നിർബന്ധപ്രകാരമല്ല താൻ വസ്ത്രം ധരിക്കുന്നതെന്ന് ഖദീജ പറഞ്ഞു. ജീവിതത്തിൽ അത്തരം കാര്യങ്ങൾ തീരുമാനിക്കാനുള്ള ബോധവും പക്വതയും തനിക്കുണ്ടെന്നും തന്റെ മുഖപടവുമായി മാതാപിതാക്കൾക്ക് യാതൊരു ബന്ധവുമില്ലെന്നും ഖദീജ പറഞ്ഞു. വസ്ത്രധാരണം ഓരോരുത്തരുടേയും ഇഷ്ടമാണ്. സ്വാതന്ത്ര്യമാണ്. അതിൽ മറ്റുള്ളവർ കൈകടത്തുന്നതിൽ അർത്ഥമില്ല. കാര്യങ്ങൾ മനസിലാക്കാതെ അതിനെ വിമർശിക്കുന്നത് തെറ്റാണെന്നും ഖദീജ കൂട്ടിച്ചേർത്തു.