സ്ത്രീവിരുദ്ധതയെ മഹത്വവൽകരിക്കുന്ന രംഗങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അപർണ ബാലമുരളി

സ്ത്രീവിരുദ്ധത നിറഞ്ഞു നിൽക്കുന്ന സംഭാഷണങ്ങളും രംഗങ്ങളും മഹത്വവൽകരിക്കുന്നത് അംഗീകരിച്ചു കൊടുക്കാനാവില്ലെന്ന് നടി അപർണ ബാലമുരളി. ഇത്തരം രംഗങ്ങളെ ആഘോഷമാക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കണക്കാക്കാനാവില്ലെന്നും അപർണ വ്യക്തമാക്കി.
സിനിമയിൽ കഥയുടെ ഭാഗമായി ചില രംഗങ്ങളിൽ സ്ത്രീ വിരുദ്ധത കടന്നുവരും. എന്നാൽ അതിനെയൊരു ആഘോഷമാക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നതിനോടു യോജിപ്പില്ലെന്നും താൻ അതിനെ അംഗീകരിക്കില്ലെന്നും അപർണ പറഞ്ഞു. പുരുഷ കേന്ദ്രീകൃത സമൂഹമായതിനാലാവണം സ്ത്രീ വിരുദ്ധത ഇത്രയും ചർച്ച ചെയ്യുന്നത്. അതിനൊപ്പം തന്നെ എല്ലാ വിഭാഗത്തിനെതിരെയുണ്ടാവുന്ന അതിക്രമങ്ങളും ചെറുക്കണം. സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്ന രീതിയിലുള്ള രംഗങ്ങൾ തന്റെ കഥാപാത്രത്തിന്റെ ഭാഗമായുണ്ടായാൽ അത് തിരുത്തണമെന്ന് ആവശ്യപ്പെടും അപർണ വ്യക്തമാക്കി.
നടൻ പൃത്ഥ്വിരാജും കഴിഞ്ഞ ദിവസം സ്ത്രീവിരുദ്ധത മഹത്വവൽക്കരിക്കുന്ന ചിത്രങ്ങളിൽ അഭിനിയിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായി അറിയിച്ചിരുന്നു. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ അഭിനയിച്ചതിന് മാപ്പ് പറഞ്ഞുകൊണ്ടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. താൻ എഴുതിയ തിരക്കഥകളിലെ അത്തരം രംഗങ്ങളിൽ ക്ഷമ ചോദിച്ചുകൊണ്ട് രഞ്ജി പണിക്കരും രംഗത്തു വന്നിരുന്നു.