കുഞ്ഞനന്തന് ചികിത്സ നടത്താൻ പരോളിന്റെ ആവശ്യമില്ല: ഹൈക്കോടതി

കൊച്ചി: ചികിൽസയ്ക്കായി ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ടി.പി കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി പി.കെ.കുഞ്ഞനന്തൻ തിരിച്ചടി. കുഞ്ഞനന്തന് ചികിത്സ നടത്താൻ പരോളിന് ആവശ്യമില്ലെന്ന് ഹൈക്കോടതി ആവർത്തിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് സംസ്ഥാനത്തെ മികച്ച ആശുപത്രിയാണ്. സഹായത്തിന് സ്ഥിരം ആളുകളെ ആവശ്യമെങ്കിൽ അക്കാര്യം ബുധനാഴ്ച അറിയിക്കാനും കുഞ്ഞനന്തന്റെ അഭിഭാഷകന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
കുഞ്ഞനന്തനായി ഹൈക്കോടതിയിൽ വാദിച്ച സർക്കാർ അഭിഭാഷകനെ കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചു. സ്വന്തം രാഷ്ട്രീയം കോടതിയിൽ എടുക്കരുതെന്ന് ഹൈക്കോടതി അഭിഭാഷകനെ ഓർമ്മിപ്പിച്ചു. പരോളിലിറങ്ങി പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ എന്താണ് തെറ്റെന്ന് സർക്കാർ അഭിഭാഷകനെ വാദത്തെയാണ് കോടതി വിമർശിച്ചത്. കുഞ്ഞനന്തനെ ചികിത്സ പൂർത്തിയാക്കാൻ എത്രകാലം വേണ്ടിവരും എന്ന് അറിയിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കുഞ്ഞനന്തൻ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.