ശബരിമല വിഷയം: എ. പത്മകുമാറിന്റെ നിലപാട് തള്ളി ദേവസ്വം മന്ത്രി

കോട്ടയം: ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിൽ സ്വീകരിച്ച ദേവസ്വം ബോർഡിന്‍റെ നിലപാടിനോട് വിരുദ്ധ നിലപാട് സ്വീകരിച്ച പ്രസിഡണ്ട് പത്മകുമാറിനെ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സാവകാശ ഹർജിക്ക് പ്രസക്തിയില്ലെന്നും പുനഃപരിശോധന ഹർജിയാണ് പരിഗണിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.
എ. പത്മകുമാർ തന്നെ ദേവസ്വം പ്രസിഡണ്ടായി തുടരും. പ്രസിഡണ്ടും ദേവസ്വം കമ്മീഷണറുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. ഇരുവരുമായി താൻ ഇന്നലെ സംസാരിച്ചു. പാർട്ടിയുമായി ബന്ധമുള്ളവർ സെക്രട്ടറിയെ കാണുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പത്മകുമാറിന്റെ പരസ്യ പ്രസ്താവനകളോട് അതൃപ്തിയുണ്ടെന്ന് ദേവസ്വം കമ്മീഷണർ എൻ. വാസു പറഞ്ഞു. ഇക്കാര്യം അദ്ദേഹം പ്രതിനിധീകരിക്കുന്ന പാർട്ടി നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് പ്രസിഡണ്ടിന്‍റേത് പൊളിറ്റിക്കൽ നിയമനം ആണെന്നും അതുകൊണ്ടു തന്നെയാണ് എ.കെ.ജി സെന്‍റെലെത്തി കോടിയേരി ബാലകൃഷ്ണനോട് തന്നെ അതൃപ്തി തുറന്ന് പറഞ്ഞതെന്നും എൻ. വാസു പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ പരിഗണിക്കവെ വിധിയെ അനുകൂലിച്ചുള്ള നിലപാടാണ് ദേവസ്വം ബോർഡിനായി ഹാജരായ അഭിഭാഷകൻ രാകേഷ് ദ്വിവേദി സുപ്രീംകോടതിയിൽ അറിയിച്ചത്. എന്നാൽ സാവകാശ ഹർജിയെ കുറിച്ച് ദേവസ്വം ബോർഡ് അഭിഭാഷകൻ സുപ്രീംകോടതിയിൽ പറയാത്തതിൽ പത്മകുമാർ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനെ തള്ളി ദേവസ്വം കമ്മീഷണറും രംഗത്തെത്തിയതോടെ ദേവസ്വം ബോർഡിനുള്ളിലെ അസ്വാരസ്യം പുറത്ത് വന്നിരുന്നു.