സേതുലക്ഷ്മി അമ്മയുടെ കണ്ണീരിനും പ്രാർത്ഥനയ്ക്കും ഫലമുണ്ടായി!!!

തിരുവനന്തപുരം: ഒടുവിൽ നടി സേതുലക്ഷ്മി അമ്മയുടെയും മകൻ കിഷോറിന്റെയും കണ്ണീരിനും പ്രാർത്ഥനകൾക്കും ഫലമുണ്ടായി. കിഷോറിന് ഭാര്യ ലക്ഷ്മിയുടെ വൃക്ക ചേരുമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതോടെ അതിനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. നേരത്തെ കിഷോറിന് വൃക്ക ദാനം ചെയ്യാൻ തയ്യാറായി ചിലർ മുന്നോട്ട് വന്നെങ്കിലും മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ടു. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു സേതുലക്ഷ്മിയമ്മയും കുടുംബവും.
സേതുലക്ഷ്മി അമ്മയെ പോലെതന്നെ മലയാളികൾക്ക് സുപരിചിതനാണ് കിഷോർ. നാടകങ്ങളിലും കോമഡി സ്‌കിറ്റുകളിലെയും സ്ഥിരം സാന്നിദ്ധ്യമായിരുന്നു. വൃക്കരോഗം പിടിപെട്ടതോടെ കിടപ്പിലായിരുന്നു കിഷോർ. പത്ത് വർഷമായി ഡയാലിസിസ് നടത്തിയാണ് ജീവൻ പിടിച്ചു നിർത്തുന്നത്. സേതുലക്ഷ്മിയുടെ അഭിനയത്തിലെ പ്രതിഫലം മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാന മാർഗ്‍ഗം. കിഷോറിനെ സഹായിക്കാനായി സുഹൃത്തുക്കൾ ചേർന്ന് ‘സൗഹൃദരാവ്’ എന്ന പേരിൽ മെഗാഷോ ഒരുക്കുന്നുണ്ട്. ഫെബ്രുവരി 11ന് പൂജപ്പുര മൈതാനത്താണ് പരിപാടി.