സീറ്റിനെ ചൊല്ലി തർക്കം; കേരള കോൺഗ്രസ് വീണ്ടും പിളർപ്പിലേക്കോ ?

തിരുവനന്തപുരം: ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം കേരള കോൺഗ്രസ് രാഷ്ട്രീയം വീണ്ടും കലുഷിതമാകുന്നു. കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫാണ് പാർട്ടിയിലെ ഭിന്നത തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. നേതൃത്വത്തിനെതിരായ തുറന്നടിച്ചതിനു പിന്നാലെ തിരുവനന്തപുരത്ത് പ്രാർത്‍ഥനാ യജ്ഞവും പ്രഖ്യാപിച്ചിട്ടുണ്ട്. ജോസ് കെ. മാണി നടത്തുന്ന കേരള യാത്ര പാർട്ടിയിൽ ആലോചിക്കതെയുള്ളതാണെന്നും ജോസഫ് ആരോപിക്കുന്നു. ലയനത്തിനു ശേഷം പാർട്ടിയിലെ രണ്ടാമത്തെ നേതാവെന്ന പരിഗണന ജോസഫിന് ലഭിക്കുന്നില്ലെന്ന പരാതിയാണ് അദ്ദേഹവുമായി ബന്ധപ്പെട്ടുള്ളവർ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിൽ പിളർപ്പിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകൾ വേണമെന്നാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. ജോസ് കെ. മാണി രാജ്യസഭാംഗമായ സാഹചര്യത്തിൽ ഈ രണ്ടു സീറ്റുകളും ജോസഫ് വിഭാഗത്തിൽപ്പെട്ടവർക്ക് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണിത്. ഇടുക്കിയിൽ പി.ജെ ജോസഫ് തന്നെ സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഉമ്മൻ ചാണ്ടി മത്സരിച്ചാൽ കോട്ടയം സീറ്റ് വിട്ടു കൊടുക്കുന്നതിൽ ജോസഫിന് എതിരഭിപ്രായമില്ല. എന്നാൽ്‍ ഇതിനു പകരമായി ചാലക്കുടി നൽകണമെന്നതാണ് ആവശ്യം.
ജോസ് കെ മാണിയുടെ കേരള യാത്ര സംബന്ധിച്ച് കൂടിയാലോചന നടത്താത്തതാണ് ജോസഫിനെ ഇപ്പോൾ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇതേത്തുടർന്നാണ് കേരള യാത്രയ്ക്കു സമാന്തരമായി നാളെ തിരിവനന്തപുരത്ത് പി.ജെ ജോസഫിന്റെ നേതൃത്വത്തിൽ ഉപവാസം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ജോസഫിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ഉപവാസ പന്തലിലേക്ക് കെ.എം മാണി നേരിട്ടെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് വിലയിരുത്തൽ.