ചിന്പുവിന് പാര പണിയുന്നത് ധനുഷോ?

ചെന്നൈ: കോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയരായ ധനുഷും ചിന്പുവും ശത്രുക്കളാണെന്ന തരത്തിൽ പല വാർത്തകളും കോളിവുഡിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ അതുസംബന്ധിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് നടനും ചിന്പുവിന്റെ സുഹൃത്തുമായ മഹത്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഹതിന്റെ വെളിപ്പെടുത്തൽ. ചിന്പുവിനെ അടിച്ചമർത്താൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ധനുഷ് എന്നായിരുന്ന മഹതിന്റെ ഉത്തരം. എന്നാൽ തന്റെ വെളിപ്പെടുത്തൽ വിവാദമാകുമെന്ന് തോന്നിയ ഉടൻ തന്നെ നടൻ പറഞ്ഞത് തിരുത്തുകയായിരുന്നു. ധനുഷ് തിരക്കുള്ള നടനാണെന്നും സാമൂഹിക മാദ്ധ്യമങ്ങളിൽ ചിലർ ധനുഷിന്റെ പേരിൽ ചിന്പുവിനെ പരിഹസിക്കുന്നുവെന്നുമാണ് താൻ ഉദ്ദേശിച്ചതെന്ന് മഹത് പറഞ്ഞു. എന്തായാലും മഹതിന്റെ വെളിപ്പെടുത്തൽ ചിന്പുവിന്റെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വെട്രിമാരന്റെ സംവിധാനത്തിൽ 2018ൽ പുറത്തിറങ്ങിയ ചിത്രം വടചെന്നൈയിൽ നായകവേഷം ചെയ്യാൻ ആദ്യം പരിഗണിച്ചത് ചിന്പുവിനെയായിരുന്നു. എന്നാൽ അത് നടക്കാതെ വരികയും അവസാനം ആ കഥാപാത്രം ധനുഷിലേക്ക് എത്തുകയുമായിരുന്നു.