ആക്രി കച്ചവടത്തിന് മൊബൈൽ ആപ്പുമായി കേരള സ്‌ക്രാപ്പ് മർച്ചന്‍റ്സ് അസോസിയേഷൻ

‘ആക്രികട’എന്ന മൊബൈൽ ആപ്പുമായി പാഴ്‌വസ്തു വ്യാപാരികളുടെ സംഘടനയായ കേരള സ്‌ക്രാപ്പ് മർച്ചന്‍റ്സ് അസോസിയേഷൻ (കെഎസ്എംഎ). ആപ്പ് ഉയോഗിക്കുന്നതുവഴി വീടുകളിലോ, ഓഫീസുകളിലോ, മറ്റ് സ്ഥലങ്ങളിലോ കിടക്കുന്ന ഉപയോഗശൂന്യമായി കൂട്ടിയിട്ടിരിക്കുന്ന വസ്തുക്കളുടെ ചിത്രങ്ങൾ പകർത്തി അവ ഈ ആപ്പിലൂടെ അപ്‌ലോഡ് ചെയ്യുന്പോൾ അവരുടെ തൊട്ടടുത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന കെഎസ്എംഎ അംഗങ്ങളായ പാഴ്‌വസ്തു വ്യാപാരികൾക്ക് അവ അലേർട്ടായി ലഭിക്കും. അപ്പോൾ തന്നെ ചിത്രം അപ്‌ലോഡ് ചെയ്ത വ്യക്തിയുമായി നേരിട്ട് ബന്ധപ്പെട്ട് തുടർ നടപടി വേഗത്തിലാക്കാൻ സാധിക്കുകയും ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആപ്പിന്‍റെ പ്രകാശനം മന്ത്രി പി. രാജീവ് നാളെ തിരുവനന്തപുരത്ത് നിർവഹിക്കും. ട്രയൽ റണ്ണും മറ്റും പൂർത്തിയാക്കിയ ആക്രിക്കട മൊബൈൽ ആപ്പ്, ഗൂഗിൽ പ്ലേസ്റ്റോറിൽ നിന്നു പൊതുജനങ്ങൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണെന്ന് സംസ്ഥാന പ്രസിഡന്‍റ് കുഞ്ഞിമുഹമ്മദ്, സെക്രട്ടറി കെ.പി.എ. ഷെരീഫ്, ട്രഷറർ അനിൽ കട്ടപ്പന എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് കാലത്ത് മറ്റു പല വ്യാപാരമേഖലകളും ഓൺലൈനിൽ പ്രവർത്തിച്ചപ്പോൾ തങ്ങൾക്ക് പണിയില്ലാതായ കാര്യം കൂടി പരിഗണിച്ചാണ് ആപ്പിനു രൂപം നൽകിയതെന്നും അവർ വ്യക്തമാക്കി.