അണ്ടർ 21 പുരുഷന്മാരുടെ ലോക വോളിബാൾ ചാമ്പ്യൻഷിപ്പിന് ഇന്ന് ബഹ്റൈനിൽ തുടക്കം

ഫെഡറേഷൻ ഇന്റർനാഷനൽ ഡി വോളിബാൾ സംഘടിപ്പിക്കുന്ന അണ്ടർ 21 പുരുഷന്മാരുടെ ലോക വോളിബാൾ ചാമ്പ്യൻഷിപ് ഇന്ന് ബഹ്റൈനിൽ തുടങ്ങും. 16 രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിന് ഇത് നാലാം തവണയാണ് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്നത്. പൂൾ എയിലെ ആദ്യ മത്സരത്തിൽ ബഹ്‌റൈൻ ഇന്ന് തുനീഷ്യയെ നേരിടും. ബഹ്‌റൈൻ വോളിബാൾ അസോസിയേഷൻ ഹാളിലാണ് മത്സരങ്ങൾ. ഇറാനും തായ്‌ലൻഡുമാണ് പൂൾ എയിലെ ടൂർണമെന്റിൽ മാറ്റുര മറ്റു രണ്ടു ടീമുകൾ. പൂൾ ബിയിൽ, നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിക്കു പുറമെ ബ്രസീൽ, ഈജിപ്ത്, മെക്‌സിക്കോ ടീമുകളാണുള്ളത്. ഇന്ത്യ, പോളണ്ട്, ബൾഗേറിയ, കാനഡ എന്നിവ പൂൾ സിയിലും അർജന്റീന, ബെൽജിയം, ചെക്ക് റിപ്പബ്ലിക്, യുനൈറ്റഡ് സ്റ്റേറ്റ്സ് (യു.എസ്) എന്നിവ പൂൾ ഡിയിലും മത്സരിക്കും.
രണ്ടാം റൗണ്ട് മത്സരങ്ങൾ 11ന് ആരംഭിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു ടീമുകൾ രണ്ടാം റൗണ്ടിലെത്തും. സെമിഫൈനൽ മത്സരങ്ങൾ ജൂലൈ 15ന് നടക്കും. 16നാണ് ഫൈനൽ. എല്ലാ ദിവസവും മത്സരങ്ങൾ രാവിലെ 11ന് ആരംഭിക്കും. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് (എസ്.സി.വൈ.എസ്) ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ലോക ചാമ്പ്യൻഷിപ്. മത്സരത്തിൽ പങ്കെടുക്കാനുള്ള ടീമുകൾ എത്തിത്തുടങ്ങി.
കാണികൾക്ക് പ്രവേശനം സൗജന്യമാണെന്ന് ടൂർണമെന്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു. അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയാകുന്നതു വഴി ബഹ്റൈന് ലോകശ്രദ്ധ ലഭിക്കുമെന്നും സ്പോർട്സ് ടൂറിസ്റ്റുകളുടെ പ്രവാഹം സാമ്പത്തികരംഗത്തിന് ഊർജം പകരുമെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ.
eryery