ആഗോള മലേറിയ ദിനാചരണം; വിവിധ ബോധവത്കരണ പരിപാടികളുമായി ബഹ്റൈൻ

ആഗോള മലേറിയ ദിനാചരണവുമായി ബന്ധപ്പെട്ട് ബഹ്റൈൻ വിവിധ ബോധവത്കരണ പരിപാടികൾ നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിൽപശാലകളും മറ്റ് ബോധവത്കരണ പരിപാടികളും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ വർഷവും ഏപ്രിൽ 25നാണ് അന്താരാഷ്ട്ര തലത്തിൽ മലേറിയ വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഈ വർഷം ‘മലേറിയമുക്തമായ ലോകത്തിനായി നിക്ഷേപിക്കുക, നവീകരിക്കുക, നടപ്പാക്കുക’ എന്ന ആശയത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കൊതുകുപരത്തുന്ന രോഗമാണ് മലേറിയ. 1930കളിൽ മലേറിയമൂലം ഏറെ കഷ്ടതയനുഭവിച്ച രാജ്യമാണ് ബഹ്റൈൻ.
നിരവധി പേർ അന്ന് പകർച്ചവ്യാധി പിടിപെട്ട് മരണമടഞ്ഞിരുന്നു. 1939ൽ മലേറിയ നിയന്ത്രണത്തിന് പ്രത്യേക വിഭാഗം ബഹ്റൈനിൽ തുടങ്ങിയിരുന്നു. 1979ലാണ് രാജ്യത്ത് അവസാനമായി മലേറിയ റിപ്പോർട്ട് ചെയ്തത്. തുടർച്ചയായതും ആസൂത്രിതവുമായ പ്രവർത്തനങ്ങളിലൂടെ രാജ്യത്തിന് മലേറിയയെ നിർമാർജനം ചെയ്യാൻ സാധിച്ചു. 1982ൽ ലോകാരോഗ്യ സംഘടന ബഹ്റൈനെ മലേറിയ മുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു. കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്ത് ആദ്യമായി മലേറിയയെ നിർമാർജനം ചെയ്ത രാജ്യവും ബഹ്റൈനാണ്.
45r7r7