ബഹ്റൈനിലെ സ്വകാര്യ സ്കൂളുകളില്‍ ഓഫ് ലൈൻ പഠനത്തിന് മാര്‍ഗനിര്‍ദേശമായി

ബഹ്റൈനിലെ സ്വകാര്യ സ്കൂളുകളില്‍ ഓഫ് ലൈൻ പഠനത്തിന് മാര്‍ഗനിര്‍ദേശമായി. രാജ്യം ഗ്രീന്‍ ലെവലായ പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം രംഗത്തുവന്നത്. സ്കൂളില്‍ വരാന്‍ തല്‍പരരായ കുട്ടികള്‍ അഞ്ച് ദിവസവും ക്ലാസില്‍ എത്തേണ്ടതുണ്ട്. മറ്റുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ പഠനം തുടരാം. വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ അധികൃതര്‍ ഇടക്കിടെ റാപിഡ് ടെസ്റ്റ് നടത്തുകയും, ടെസ്റ്റ് പോസിറ്റിവ് ആയാല്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തുകയും വേണം. റാപിഡ് ടെസ്റ്റ് റിസല്‍ട്ട് സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്ക് കൈമാറണം. അതേ സമയം പോസിറ്റീവ് ആണെങ്കില്‍ ക്വാറന്‍റീനില്‍ കഴിയുകയും വേണം.
ലക്ഷണങ്ങളുണ്ടായിട്ടും റാപിഡ് ടെസ്റ്റ് നടത്താന്‍ രക്ഷിതാവ് അനുമതി നല്‍കിയില്ലെങ്കില്‍ കുട്ടിയെ രക്ഷിതാവിനോടൊപ്പം വീട്ടിലേക്ക് അയക്കേണ്ടതും റാപിഡ് ടെസ്റ്റിന് പ്രേരിപ്പിക്കേണ്ടതുമാണ്. ടെസ്റ്റ് റിസല്‍ട്ട് സ്കൂളില്‍ എത്തിക്കുകയും ചെയ്യണമെന്ന് നിര്‍ദേശമുണ്ട്. സ്കൂളിലേക്ക് വരുന്ന സമയത്ത് വിദ്യാര്‍ഥികളെ തെര്‍മല്‍ ചെക്കപ്പിന് വിധേയമാക്കണം. ഏഴാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ സദാസമയവും മാസ്ക് ധരിക്കേണ്ടതാണ്. എന്നാല്‍, ബൗദ്ധിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതില്‍ ഇളവുണ്ടെന്നും അധികൃതര്‍ അറിയിച്ചു.