ബഹ്റൈനിൽ മൂന്നാമത് വെസ്റ്റ് ഏഷ്യ പാര ഗെയിംസിന് തുടക്കമായി

ബഹ്റൈനിലെ അറാദ് ഫോർട്ടിൽ മൂന്നാമത് വെസ്റ്റ് ഏഷ്യ പാര ഗെയിംസിന് തുടക്കമായി. ബഹ്റൈൻ യൂത്ത് ആന്റ് സ്പോർട്സ് വിഭാഗം സുപ്രീം കൗൺസിലിന്റെ ആദ്യ ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിംപിക് കമ്മിറ്റി പ്രസിഡണ്ടുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ പാര ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പത്ത് ദിവസങ്ങളിലായി നടക്കുന്ന ഗെയിംസിൽ പതിനൊന്ന് രാജ്യങ്ങളിൽ നിന്നായി 700 ഓളം കായിക താരങ്ങൾ പങ്കെടുക്കും. അത് ലറ്റിക്സ്, വീൽ ചെയർ ബാസ്ക്കറ്റ് ബോൾ, ടേബിൾ ടെന്നീസ്, പവർ ലിഫ്റ്റിംഗ്, ബാഡ് മിന്റൺ തുടങ്ങിയ കായിക മത്സര ഇനങ്ങളാണ് ഉണ്ടാവുക. 2019 ൽ വെസ്റ്റ് ഏഷ്യ പാരഗെയിംസിന് ജോർദാനും 2017 ൽ ദുബായുമാണ് വേദിയായത്. കൃത്യമായ ആരോഗ്യ മുൻകരുതലുകൾ പാലിച്ചുകൊണ്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.