ഓൺലൈൻ സ്കൂൾ യുവജനോത്സവം സംഘടിപ്പിക്കുന്നു
മനാമ: ലോകത്തിലെ മലയാള നാടക പ്രവർത്തകരുടെയും, നാടക പ്രേമികളുടെയും ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകളും ബഹ്‌റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിംഗും സംയുക്തമായി ലോകത്തിലെ മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ ഓൺലൈൻ സ്കൂൾ യുവജനോത്സവം സംഘടിപ്പിക്കുന്നു. എൽ.പി., യു.പി, ഹൈ സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ, പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
മുപ്പതോളം വ്യക്തിഗത ഇനങ്ങൾ ഉൾപ്പെടുത്തിയ മത്സരത്തിൽ സർഗ്ഗോത്സവം, നാട്യോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ നാല് വിഭാഗങ്ങളിൽ മുപ്പതോളം മത്സര ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മാഹിയുൾപ്പെടെ കേരളത്തിൽ പതിനഞ്ച് സോണുകളിലും, ബഹ്‌റൈൻ ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളിൽ ആറ് സോണുകളിലും മറ്റു രാജ്യങ്ങളിലെ കുട്ടികളെ ഉൾപ്പെടുത്തി ഒരു സോണിലുമായി ആകെ ഇരുപത്തി രണ്ട് സോണുകളിൽ ആദ്യ ഘട്ട മത്സരവും ശേഷം ഈ മത്സരങ്ങളിൽ വിജയിക്കുന്നവർ ഗ്രാൻഡ് ഫൈനലിലും മത്സരിക്കും. ബഹ്റൈൻ കേരളീയ സമാജം അംഗം പി.എൻ മോഹൻ രാജ് ചെയർമാനും മലയാള നാടക ചലച്ചിത്ര സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ് ജനറൽ കൺവീനറുമായ എഴുപതംഗ സംഘാടക സമിതിയാണ് യുവജനോത്സവത്തിന് നേതൃത്വം നൽകുന്നത്.
ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായാണ് യുവജനോത്സവം നടത്തപ്പെടുക. മത്സര നിബന്ധനകൾക്കും രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ ഓൺലൈൻ രജിസ്‌ട്രേഷൻ ഫോമിനും +971 50 200 9293 എന്നീ വാട്സ് ആപ് നന്പറിലാണ് ബന്ധപ്പെടേണ്ടത്. സൗജന്യമായ റജിസ്ട്രേഷന്റെ അവസാന തീയ്യതി ഒക്ടോബർ 10 ആണ്.
