സാം സാമുവൽ അടൂരിന്റെ കുടുംബത്തിന് ബഹ്റൈൻ കെ.എം.സി.സി ഒരു ലക്ഷം രൂപ നൽകും
മനാമ: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ കൊവിഡ് ബാധിച്ച് മരിച്ച സബർമതി കൾച്ചറൽ പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായ സാം സാമുവൽ അടൂരിന്റെ കുടുംബത്തിന് ബഹ്റൈൻ കെ.എം.സി.സി ഒരു ലക്ഷം രൂപ നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ അറിയിച്ചു. ഈ പ്രതിസന്ധി കാലത്തും പ്രയാസപ്പെടുന്നവരെ സഹായിക്കാൻ ഓടി നടന്ന സാമിന്റെ കുടുംബത്തെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. സ്വന്തം ജീവൻ പോലും നോക്കാതെയാണ് അദ്ദേഹം കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നത്. ഒരുപാട് കുടുംബങ്ങൾക്ക് ആശ്വാസമേകിയ ഒരാളുടെ കുടുംബം അദ്ദേഹത്തിന്റെ വിയോഗം കാരണം ദുരിതമനുഭവിക്കരുതെന്നും ഏവർക്കും കൈത്താങ്ങാവാൻ നാം ശ്രമിക്കണമെന്നും നേതാക്കൾ പറഞ്ഞു.
രണ്ട് പതിറ്റാണ്ടിലധികമായി ബഹ്റൈൻ കാരുണ്യ രംഗത്ത് സജീവമായിരുന്ന സാം സാമുവൽ ദിവസങ്ങൾക്ക് മുന്‍പാണ് കൊവിഡ് ബാധിച്ചത് മരിച്ചത്. ബഹ്റൈൻ പ്രവാസി സംഘടനകൾക്കിടയിലും നേതാക്കന്‍മാർക്കിടയിലും സുപരിചതനായിരുന്ന സാമുവലിന്റെ വിയോഗം ഏവരെയും ദു:ഖത്തിലാഴ്ത്തിയിരുന്നു. ഭാര്യയും രണ്ട് പെണ്‍മക്കളുമുള്ള കൂടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സാം. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്പോഴും സ്വന്തം കുടുംബത്തിന് ഒന്നും മാറ്റിവയ്ക്കാൻ മറന്നുപോയ അദ്ദേഹത്തിന്റെ കുടുംബത്തിന് കൈത്താങ്ങാവാൻ മറ്റ് കാരുണ്യ സംഘനകളും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.


