കൈനിറയെ സമ്മാനങ്ങളുമായി സുലൈമാന്‍ ഇന്ന് നാട്ടിലേക്ക്


മനാമ: ദുരിതപൂർണമായ കാലവസ്ഥകൾക്കിടയിലും കേറിക്കിടക്കാൻ ഇടമില്ലാതെ  ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് മനാമയിലെ ഒരു കെട്ടിടത്തിലെ ടെറസ്സിൽ താമസിച്ചുവരികയായിരുന്ന കൊല്ലം സ്വദേശിയായ സുലൈമാന്‍ സുമനസ്കരായ ആളുകളുടെ പ്രവർത്തന ഫലമായി ഇന്ന്   നാട്ടിലേക്ക് മടങ്ങുന്നു. നിരവധി സമ്മാനങ്ങള്‍ നല്‍കി കൊണ്ടാണ് ബഹ്റൈനിലെ സംഘടനകളും മറ്റ് സുഹൃത്തുക്കളും സുലൈമാനെ നാട്ടിലേക്ക് യാത്രയാക്കുന്നത്. പ്രതീക്ഷ ബഹ്റൈന്‍, മൈത്രി അസോസിയേഷന്‍ തുടങ്ങി നിരവധി പേരാണ് സമ്മാനക്കിറ്റുകള്‍ നല്‍കിയത്. സുലൈമാന്റെ ദുരവസ്ഥയെ കുറിച്ച്   ഫോര്‍ പി.എം ന്യൂസിന്റെ ഫേസ് ബുക്ക് പേജിലൂടെ നൽകിയ വാര്‍ത്തയെ തുടര്‍ന്നാണ് പുറംലോകം ഇക്കാര്യം  അറിയുന്നതും തുടര്‍ന്ന്  അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച്  ബഹ്റൈനിലെ മറ്റ് മാധ്യമ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്ത് വരുന്നതും.  എന്നാല്‍ ബഹ്റൈന്‍ കെ.എം.സി.സിയുടെയും, പ്രവർത്തകനായ ബാദുഷ തേവലക്കരയുടെയും സ്തുത്യാർഹമായ ഇടപെടലുകളാണ്  ടിക്കറ്റും എമിഗ്രേഷന്‍ ക്ലിയറന്‍സും ശരിയാക്കി  സുലൈമാന്റെ നാട്ടിലേക്കുള്ള മടക്കം വേഗത്തില്‍ സാധ്യമാക്കി കൊടുത്തത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുക്കി തന്ന ബഹ്റൈനിലെ നല്ലവരായ മാധ്യമ പ്രതിനിധികള്‍ക്കും, സംഘടനാ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് സുലൈമാന്‍ മടങ്ങുന്നത്. എന്നാല്‍ നാട്ടില്‍ തന്നെ കാത്തിരിക്കുന്നവരിലേക്കുള്ള മടക്കം സന്തോഷം തരുന്നുണ്ടെങ്കിലും നാട്ടില്‍ ഇനിയും തീരാത്ത ബാധ്യതകളും ഉത്തരവാദിത്വങ്ങളും തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും സുലൈമാന്‍ പറഞ്ഞു. പ്രായമായ അമ്മയും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന സുലൈമാന്റെ കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്. കൂടാതെ പെണ്‍മക്കളുടെ വിവാഹത്തെ തുടര്‍ന്ന കടബാധ്യതയിലാണ് ഈ കുടുംബം ഇപ്പോള്‍.നാട്ടിലെത്തുന്പോൾ ഭൂമിയോ കിടപ്പാടമോ ഇല്ലാതെ സാന്പത്തികമായി ഏറെ കഷ്പ അനുഭവിക്കുന്ന സുലൈമാന് ഇനിയും സഹായങ്ങള്‍ ആവശ്യമുണ്ടെന്നും അതിനായി എല്ലാവരുടെയും പിന്തുണയും സഹായങ്ങളും  വേണമെന്ന്  കെ.എം.സി.സി പ്രവര്‍ത്തകർ അറിയിച്ചു.  ഇദ്ദേഹത്തെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 36451199 ( സുലൈമാന്‍)  33311919 ( തേവലക്കര ബാദുഷ) എന്നീ നന്പറുകളിൽ വിളിക്കാവുന്നതാണ്. കൊല്ലം ചവറ തേവലക്കര പഞ്ചായത്തിലെ പാലക്കൽ വാർഡിൽ നിന്നുള്ള സുലൈമാന്‍ 10 വർഷം മുൻപാണ്  ബഹ്‌റൈനിൽ എത്തിയത്.

 

ഫോര്‍ പി.എം ന്യൂസ് നല്‍കിയ വാര്‍ത്തയെ തുടര്‍ന്ന്  പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം സ്വദേശിയായ സുലൈമാന്‍ ഫോര്‍.പി.എം ന്യൂസിനോട് സംസാരിക്കുന്നു 

 

You might also like

Most Viewed