കാസർഗോട്ടെ കള്ളവോട്ട് ആരോപണം ഗുരുതരമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: കാസർഗോട്ട് കള്ളവോട്ട് നടന്നതിന് തെളിവായി കോൺഗ്രസ് വീഡിയോ പുറത്ത് വിട്ട സാഹചര്യത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആവശ്യപ്പെട്ടു. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ കളക്ടർമാർക്കാണ് നിർദ്ദേശം നൽകിയത്.
ആരോപണം ശരിയെങ്കിൽ അത് ഏറെ ഗൗരവമുള്ള കാര്യമാണെന്നും ടിക്കാറാം മീണ പറഞ്ഞു. ദൃശ്യത്തിന്‍റെ ഉറവിടവും വിശ്വാസ്യതയും കള്ളവോട്ട് ചെയ്തെന്ന് പുറത്ത് വന്ന വിവരങ്ങൾ സംബന്ധിച്ചും സമഗ്രമായി അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ടിക്കാറാം മീണ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചോ എന്നു പരിശോധിക്കും. ഉദ്യോഗസ്ഥർ അറിയാതെ കള്ള വോട്ട് നടക്കാൻ സാധ്യത ഇല്ല. ഇന്ന് തന്നെ റിപ്പോർട്ട് കിട്ടണം എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ടിക്കാറാം മീണ പറഞ്ഞു. കള്ള വോട്ട് നടന്ന ബൂത്തിൽ ഉണ്ടായിരുന്ന ബൂത്ത് ഏജന്‍റുമാരും കുറ്റക്കാരാകും.