സുമനസ്സുകളുടെ ഇടപെടലും പ്രധാനമന്ത്രിയുടെ സഹായവും: വിനോദ് നാട്ടിലേയ്ക്ക്

മനാമ :ഒരു പിടി സുമനസ്സുകളുടെ തുടർച്ചയായുള്ള പ്രവർത്തനങ്ങൾക്കൊപ്പം തന്നെ ബഹ്‌റൈൻ പ്രധാന മന്ത്രിയുടെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലും കൂടിയായതോടെ 30 വര്ഷത്തെ പ്രവാസത്തിനൊടുവിൽ മലയാളിക്ക് സ്വന്തം മണ്ണിലേക്കൊരു മടക്കയാത്ര. രോഗം തളർത്തിയ ശരീരവുമായി നിത്യച്ചിലവിനു പോലും വകയില്ലാത്ത അവസ്‌ഥയിലായിരുന്ന ആലപ്പുഴ സ്വദേശി വിനോദ് ഇന്ന് ഉച്ചയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിൽ നാട്ടിലേയ്ക്ക് തിരിച്ചു.
ഷിജിൻ എന്ന മലയാളിയുടെ ഇടപെടലാണ് ഇദ്ദേഹത്തിന്റെ അവസ്‌ഥ പുറം ലോകം അറിയാനും സഹായങ്ങൾ എത്തിച്ചേരാനും ഇടയാക്കിയത്.കഴിഞ്ഞ മാസം 14 ആം തീയ്യതി ഈസാടൗണിലെ ഒരു ബസ്റ്റോപ്പിൽ ചുട്ടുപൊള്ളുന്ന ചൂടിൽ അവശനിലയിൽ കണ്ടെത്തിയ വിനോദിനെ കണ്ടപ്പോൾ സംശയം തോന്നിയ ഷിജിൻ തൊട്ടടുത്ത കടയിൽ കൂട്ടികൊണ്ടു പോയി ഭക്ഷണവും വെള്ളവും വാങ്ങി കൊടുത്തു വിശേഷങ്ങൾ ചോദിച്ചപ്പോഴാണ് മലയാളിയാണെന്നും അദ്ദേഹത്തിന്റെ കദന കഥയും അറിഞ്ഞത്.
കഴിഞ്ഞ 30 വർഷത്തോളമായി ബഹ്‌റൈനിൽ ജോലി ചെയ്തുവന്നിരുന്ന ഇദ്ദേഹം ഗണിത ശാസ്ത്ര ബിരുദധാരിയാണ്. അത് കൊണ്ട് തന്നെ ആലിയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽനല്ല ജോലി ആയിരുന്നു .ബഹറൈനിലെത്തി മൂന്ന് വർഷം കഴിഞ്ഞപ്പോൾ നാട്ടിൽ പോയി വിവാഹം കഴിച്ചു. വീണ്ടും മടങ്ങിവന്ന് പ്രവാസജീവിതം ആരംഭിച്ചു. അതിനിടയിൽ വീട്ടിൽ ചെറിയ കുടുംബ പ്രശ്നങ്ങൾ ഉടലെടുത്തതോടെ നാട്ടിലേയ്ക്ക് പോകാൻ പലപ്പോഴും മനസ്സു വന്നില്ല.
പ്രശനങ്ങൾ എല്ലാം അവസാനിച്ചു നാട്ടിൽ പോകാം എന്ന് കരുതി കാത്തിരിന്നുവെങ്കിലും അപ്പോഴേയ്ക്കും വർഷങ്ങൾ 25 കടന്ന് പോയി.അതിനിടെ അമ്മ മരിച്ചു ഭാര്യയെ ബഹറൈനിലെക്ക് കൂട്ടി നാല് വർഷംകൂടെ താമസിപ്പിക്കുകയും ചെയ്തു .ഇടയ്ക്കു നാട്ടിൽ തിരിച്ചുപോയി ഭാര്യയെ നാട്ടിലാക്കി വീണ്ടും പ്രവാസലോകത്തേക്ക് മടങ്ങിയെങ്കിലും ജോലി ചെയ്തിരുന്ന കമ്പനിയുമായി ചില പ്രശ്നങ്ങൾ ഉടലെടുത്തു.
അതോടെ തൊഴിലുടമയ്‌ക്കെതിരായി കേസ് കൊടുക്കേണ്ടി വന്നെങ്കിലും കേസിൽ വിധി വിനോദിന് എതിരായി വന്നു.പാസ്സ്‌പോർട്ട് കമ്പനി വശം ആയതിനാൽ വിസ പുതുക്കാനും കഴിഞ്ഞില്ല.അതിനിടയിൽ മൊബൈൽ കമ്പനിയിൽ നിന്നും മാസ അടവിന് ഒരു മൊബൈൽ ഫോൺ എടുക്കു കയും മാസ അടവ് തെറ്റുകയും ചെയ്തതോടെ മൊബൈൽ കമ്പനി കേസ് കൊടുക്കുകയും ചെയ്തു, പൈസ അടയ്ക്കാതെ യാത്രചെയ്യാൻ പറ്റുകയില്ല എന്ന് വിധിയും വന്നു. ക്ഷേത്ര ജീവനക്കാരിയായ ഭാര്യയുടെ തുച്ഛമായ ശമ്പളത്തിൽ നിന്ന് ബഹ്‌റൈനിലേക്ക് ഇദ്ദേഹത്തിന്റെ ചെലവിലേക്കായി പണം അയച്ചുകൊടുക്കുന്ന വരുമാനത്തിലായിരുന്നു ജീവിതം തള്ളിനീക്കിയത് .
എന്തുചെയ്യണം എന്നറിയാതെ ജീവിതം ഏകാന്തതയുടെ തടവറയിലെക്ക്നീങ്ങുകയായിരുന്നു , ഏകദേശം മൂന്ന് മീറ്റർ നീമുള്ള , ഒരു വർക്ക്ഷോപ്പിന്റെ പഴയ സാധനങ്ങൾ കൂട്ടിയിട്ട ഒരു മൂലയിൽ രണ്ട് പലകൾ ചേർത്ത് വെച്ച ഒരു ഒറ്റമുറിയിലായി പിന്നെ ജീവിതം . ചുട്ടുപൊള്ളുന്ന ചൂടിൽ ഏസി പോലും ഇല്ലാതെ ഒരു ഏകാന്ത തടവുകാരനെപ്പോലെയാണ് പിന്നെ ജീവിച്ചത്. അതിനിടെ പല വിധ രോഗങ്ങളും വിനോദിനെ അലട്ടാൻ തുടങ്ങി. ആലി റംലി മാളിനുസമീപമുള്ള ഒരു ഗാരേജിന്റെ ഷെഡിൽ മിതപ്രായനായി കഴിഞ്ഞ ഇദ്ദേഹത്തെ കണ്ടെത്തിയ ഷിജിൻ അദ്ദേഹത്തെ കുറിച്ചുള്ള വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു.