കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പി.സി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു

കുറവിലങ്ങാട്: കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ പോലീസ് കേസെടുത്തു. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ കന്യാസ്ത്രീയെ അധിക്ഷേപിച്ചതിന് ഐ.പി.സി 509ാം വകുപ്പ് അനുസരിച്ച് കുറവിലങ്ങാട് പോലീസാണ് കേസ് എടുത്തത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പി.സി ജോര്‍ജിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായി പോലീസിന് മനസ്സിലായിരുന്നു. ജനപ്രതിനിധി ആയതിനാല്‍ നേരിട്ട് കേസ് എടുക്കുന്നതില്‍ ഉണ്ടായ ആശയക്കുഴപ്പത്തെ തുടര്‍ന്ന് പോലീസ് നിയമോപദേശം തേടിയിരുന്നു. അനുകൂലമായ നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പോലീസ് കേസ് എടുക്കാന്‍ തയ്യാറായത്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്. പരാമര്‍ശം വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് രക്ഷപ്പെടാന്‍ പി.സി ജോര്‍ജ് ശ്രമിച്ചിരുന്നു. എങ്കിലും കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് പോലീസിന് ലഭിച്ച നിയമോപദേശം. കേസ് എടുത്ത വിഷയത്തില്‍ പി.സി ജോര്‍ജിന്റെ പ്രതികരണം വന്നിട്ടില്ല.