സിക്കിൾ സെൽ രോഗികൾക്കുള്ള മോർഫിൻ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം


മനാമ : സാൽമണിയ മെഡിക്കൽ സെന്ററിലേയും പബ്ലിക് ഹെൽത്ത് സെന്ററുകളിലേയും മരുന്നുകളുടെ ക്ഷാമത്തെക്കുറിച്ച് ആരോഗ്യവകുപ്പ് മന്ത്രാലയം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സാൽമണിയ മെഡിക്കൽ കോംപ്ളക്സിലെ ഹെറിഡിറ്ററി ബ്ലഡ് ഡിസോർഡർ സെന്ററിൽ സിക്കിൾ സെൽ രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മോർഫിൻ മരുന്നിന്റെ ലഭ്യതക്കുറവിനെക്കുറിച്ചും ഈ റിപ്പോർട്ടുകളിൽ പ്രത്യേകം സൂചിപ്പിച്ചിരുന്നു. ഏതാനും സിക്കിൾ സെൽ രോഗികളെ ഉദ്ധരിച്ച്, മോർഫിൻ, ഓക്സികോഡൺ, ട്രമാഡോൾ, പെതിഡിൻ തുടങ്ങിയ മരുന്നുകൾക്ക് പകരം മറ്റ് മരുന്നുകൾ നൽകിയിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മന്ത്രാലയത്തിന്റെ സ്റ്റോറുകളിൽ മതിയായ അളവ് മോർഫിൻ ലഭ്യമാണെന്ന വാർത്താ മാധ്യമത്തിന്റെ അവകാശവാദത്തെ നിഷേധിക്കുന്നതായും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.  രോഗനിർണയവും ഡോക്ടർമാരുടെ നിർദ്ദേശങ്ങളും അനുസരിച്ച് മോർഫിൻ ലഭ്യമാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മന്ത്രാലയം ശ്രദ്ധാലുവാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
 
മരുന്നിന്റെ സ്റ്റോക്കുകൾ നിരീക്ഷിക്കുക, ആവശ്യത്തിന് മരുന്നുകൾ വിതരണം ചെയ്യുക, അത്യാവശ്യ സന്ദർഭങ്ങളിൽ അധിക സ്റ്റോക്കുകൾ നൽകുക, എന്നിവക്കാണ് മന്ത്രാലയം മുൻഗണന നൽകുന്നത്. സിക്കിൾ സെൽ അസുഖ ബാധിതരായ രോഗികൾക്കുമാത്രമേ മിതമായ നിരക്കിൽ മോർഫിൻ ലഭ്യമാക്കുകയുള്ളൂ. വേദന ലഘൂകരിക്കാൻ മോർഫിനാണ് തനിക്ക് നിർദ്ദേശിച്ചിരിക്കുന്നതെന്ന് സിക്കിൾ സെൽ രോഗിയായ ഫാത്തിമ മൊഹമ്മദ് പറഞ്ഞു. സിക്കിൾ സെൽ രോഗികൾക്ക് ഒരു മാസത്തിൽ അഞ്ചുമുതൽ പത്തു തവണവരെ എസ്.എം.സിയിലെ ഹെറിഡിറ്ററി ബ്ലഡ് ഡിസോർഡർ സെന്റർ സന്ദർശിക്കേണ്ടിവരുന്നതായി ഫാത്തിമ മൊഹമ്മദ് പറഞ്ഞു. സിക്കിൾ സെല്ലിന്റെ വേദന അസഹനീയമാണ്. കൃത്യമായ സമയപരിധിക്കുള്ളിൽ മരുന്ന് ലഭ്യമായില്ലെങ്കിൽ അത് രോഗികളെ ദോഷകരമായി ബാധിക്കും. ഓരോ എട്ടുമണിക്കൂറിലും രോഗികൾക്ക് മോർഫിൻ നൽകും. എന്നാൽ ചിലപ്പോൾ ഡോസുകൾ തമ്മിലുള്ള ഇടവേള നാല് മണിക്കൂറോളമായി കുറയുന്നു.
 
സാൽമണിയ മെഡിക്കൽ സെന്ററിൽ വൈകുന്നേരങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും ജീവനക്കാരുടെ കുറവുണ്ട്. എമർജൻസി ഡിപ്പാർട്മെന്റിൽ നാല് വാർഡുകളിൽ ഉൾപ്പെടെയുള്ള എല്ലാ രോഗികൾക്കും കൂടെ ഒരേയൊരു ഡോക്ടറേ ഉള്ളൂ എന്നും ഫാത്തിമ മൊഹമ്മദ് പറഞ്ഞു. സിക്കിൾ സെൽ രോഗികൾക്ക് ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും അവർക്ക് അർഹമായ സമയത്ത് ചികിത്സ ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സാൽമണിയ മെഡിക്കൽ സെന്ററിൽ ചികിത്സ തേടുന്ന 8,664 രജിസ്റ്റേർഡ് സിക്കിൾ സെൽ രോഗികളുണ്ട്. ഓരോ വർഷവും ശരാശരി 30 ബഹ്റൈനികളാണ് സിക്കിൾ സെൽ രോഗബാധമൂലം  മരണമടയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed