അഫ്സലിന്റെ പേരിൽ വ്യക്തിഗത പിരിവ് നടത്തുന്നതായി ആരോപണം

ഏകീകരണം ആവശ്യമെന്ന് സാമൂഹ്യപ്രവർത്തകർ
മനാമ : കവർച്ചക്കാരുടെ ആക്രമണത്തിൽ കെട്ടിടത്തിന് മുകളിൽ നിന്നും താഴെ വീണ് പരിക്കേറ്റ് സൽമാനിയ ആശുപത്രിയിൽ കിടക്കുന്ന അഫ്‌സലിന്റെ പേരിൽ ചിലയിടങ്ങളിൽ പണം പിരിക്കുന്നതായി പരാതികൾ ഉയർന്നു. ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരുടെ വാട്സ്ആപ് ഗ്രൂപ്പിലും ചില സംഘടനകളുടെ പേരിലും സുതാര്യമായ രീതിയിൽ ഫണ്ട് ശേഖരണം നടത്തുന്നതിനിടെയാണ് സൽമാനിയയിലെയും പരിസരങ്ങളിലെയും മലയാളികളുടെ കടകളിൽ അഫ്സലിന്റെ വാർത്തകൾ വന്ന പത്രങ്ങളുടെ കോപ്പിയുമായി ചില ആളുകൾ പണം പിരിക്കുന്നതായി സാമൂഹ്യ പ്രവർത്തകരുടെ ഗ്രൂപ്പിലെ അംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ഫണ്ട് ശേഖരണം പോലുള്ള പ്രവർത്തനങ്ങൾ രാജ്യത്ത് നടക്കുന്നത് നിയമപരമല്ലെങ്കിലും സഹജീവി സ്നേഹമെന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് മലയാളികളായ സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മകളും സംഘടനകളും അത്തരം ചില ദൗത്യങ്ങൾ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. വാട്സ്ആപ്പിൽ രണ്ട് ഗ്രൂപ്പുകൾ ഉണ്ടാക്കി ഓരോരുത്തരം നൽകുന്ന സംഖ്യയുടെ പൂർണ്ണ വിവരങ്ങൾ ഗ്രൂപ്പിൽ ഓരോ തവണയും പോസ്റ്റ് ചെയ്ത് കൊണ്ടാണ് ഇത്തരത്തിലുള്ള സഹായങ്ങൾ സ്വരൂപിക്കുന്നത്.
ബഹ്‌റൈനിലെ ഒട്ടു മിക്ക സംഘടനകളുടെയും പ്രധാന ഭാരവാഹികളോ പ്രതിനിധികളോ ഗ്രൂപ്പിൽ ഉള്ളത് കൊണ്ട് തന്നെ അവരുടെ സംഘടനകൾ പ്രത്യേകമായി സ്വരൂപിക്കുന്ന സഹായങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. അതിനിടയിൽ നടക്കുന്ന വ്യക്തിപരമായ പിരിവ് വേണ്ടെന്നും ഇത്തരത്തിലുള്ള ധനസമാഹരണത്തിന് സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു ഏകീകരണം വേണമെന്നുമുള്ള ആവശ്യം പരക്കെ ഉയർന്നു.
ഭാവിയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതിരിക്കാനും ഓരോ ജീവകാരുണ്യ പ്രവർത്തനങ്ങളിലും എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാനും കൂട്ടായ്മ യോഗം ചേർന്ന് ഒരു തീരുമാനമെടുക്കണമെന്നും ആവശ്യം ഉയർന്ന് വന്നിട്ടുണ്ട്. രാഷ്ട്രീയമോ നിറമോ ഒന്നും നോക്കാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ബഹ്‌റൈനിലെ എല്ലാ സാമൂഹ്യ പ്രവർത്തകരും ഒറ്റക്കെട്ടോടെ നിന്നാൽ അവശത അനുഭവിക്കുന്ന കൂടുതൽ ആളുകളിലേയ്ക്ക് ഇത്തരം സഹായങ്ങൾ എത്തിക്കുന്നതിന് കഴിയുമെന്നും പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു. ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ ഒരു യോഗം വിളിച്ചുചേർക്കാനും തീരുമാനമായിട്ടുണ്ട്.
അതിനിടെ അഫ്സലിനെ നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്നും വളരെ നല്ല സമീപനമാണ് ഇക്കാര്യത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സാമൂഹ്യ പ്രവർത്തകർ പറഞ്ഞു. സ്‌ട്രെച്ചറിൽ മാത്രമേ അഫ്സലിനെ കൊണ്ടുപോകാൻ കഴിയൂ. ഇതിന് വേണ്ടി ഏകദേശം 2500 ദിനാറോളം ചിലവ് വരും. നിലവിൽ അഫ്സലിന് വേണ്ടി ഇത്രയും തുക സമാഹരിച്ചിട്ടുണ്ടെങ്കിലും ഐ.സി.ആർ.എഫ് ഫണ്ട് ഇതിന് വേണ്ടി നിയോഗിക്കണമെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാൽ തൊഴിലുടമ ഇല്ലാതിരിക്കുകയോ ചിലവുകൾ ഏറ്റെടുക്കാൻ തയ്യാറാകാതിരിക്കുകയോ ചെയ്യുന്ന സന്ദർഭത്തിൽ മാത്രമേ എംബസിയുടെ നേതൃത്വത്തിൽ ചിലവുകൾ വഹിക്കേണ്ടതുള്ളൂ എന്നാണ് ചട്ടം.
അഫ്സലിന്റെ നാട്ടിലെ ചികിത്സാചിലവ് തണൽ വഹിക്കും
അഫ്സലിനെ നാട്ടിലേയ്ക്ക് എത്തിക്കുകയാണെങ്കിൽ തുടർചികിത്സാചിലവ് പൂർണ്ണമായും ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന തണൽ വഹിക്കുമെന്ന് തണൽ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി യു.കെ ബാലൻ അറിയിച്ചു. തണൽ ചെയർമാൻ ഡോ. ഇദ്രിസ് ബഹ്റൈനിൽ എത്തിയപ്പോൾ അഫ്സലിന്റെ അവസ്ഥ നേരിട്ട് കാണുകയും മെഡിക്കൽ റിപ്പോർട്ട് കൊണ്ടുപോവുകയും ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം നാട്ടിലെത്തിയ ഉടനെ വിദഗ്ദ്ധ ഡോക്ടർമാരെ പരിശോധനാ റിപ്പോർട്ട് കാണിക്കുകയും തണലിന്റെ നേതൃത്വത്തിൽ തന്നെ തീർത്തും സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് ബഹ്‌റൈൻ തണൽ പ്രതിനിധികളെ അറിയിക്കുകയുമായിരുന്നു. അങ്ങിനെയാണെങ്കിൽ അഫ്സലിന് വേണ്ടി സമാഹരിച്ച ധനസഹായം അദ്ദേഹത്തിന് വീട് െവയ്ക്കാൻ ഉപയോഗപ്പെടുത്താനും സാധിക്കും.