നിറകണ്ണുകളോടെ മുസ്തഫയുടെ ഭാര്യ അദാലത്തിൽ
മനാമ : ബഹ്‌റൈനിൽ ഹൗസ് ഡ്രൈവറായിരിക്കെ സുഹൃത്തിനെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട പയ്യോളി സ്വദേശി മുസ്തഫയുടെ ഭാര്യ മകനോടൊപ്പം, തന്റെ ഭർത്താവിനെ മോചിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് പ്രവാസി കമ്മീഷൻ അദാലത്തിൽ എത്തി.
കഴിഞ്ഞ വർഷം നവംബറിൽ അവധിക്ക് പോയ മുസ്തഫയുടെ സുഹൃത്ത് അലി അയാളുടെ സുഹൃത്തായ പത്തനംതിട്ട സ്വദേശി ബഹ്‌റൈനിൽ ജോലിക്ക് വരുന്നുണ്ടെന്നും അദ്ദേഹത്തെ ജുഫൈറിലെ അപ്പാർട്ട്മെന്റിൽ എത്തിക്കണമെന്ന് വിളിച്ചു പറഞ്ഞത് പ്രകാരമാണ് മുസ്തഫ ബഹ്‌റൈൻ വിമാനത്താവളത്തിൽ പോയത്. അവിടെ എത്തിയ മുസ്തഫ അതിഥിയെ കാണാതായതിനെ തുടർന്ന് നാട്ടിലേയ്ക്ക് അലിയെ വിളിച്ചു. എന്നാൽ ഇയാൾ ബഹ്റൈൻ എയർപോർട്ടിൽ എത്തിയിട്ടുണ്ടെന്നും ഉടനെ ചെന്ന് വിളിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകാരം തിരിച്ചുപോന്ന മുസ്തഫ വീണ്ടും എയർപോർട്ടിലേയ്ക്ക് ചെല്ലുകയായിരുന്നു.
പക്ഷെ, തിരിച്ചെത്തിയ മുസ്തഫയെ സ്വീകരിച്ചത് പോലീസായിരുന്നു. എയർപോർട്ടിൽ നിരോധിത വസ്തുക്കൾ കൊണ്ടുവന്നതിന് പിടിയിലായ യുവാവിനെ ചോദ്യം ചെയ്തതിനെ തുടർന്ന് അന്വേഷണത്തിനായി മുസ്തഫയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ബഹ്‌റൈനിലെത്തിയ യുവാവിനെ ഇതുവരെ കാണാത്ത മുസ്തഫയെ നാട്ടിലുള്ള സുഹൃത്ത് ചതിച്ചതാകുമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അസ്രിയ ജയിലിൽ കഴിയുന്ന മുസ്തഫയുടെ നിപരാധിത്വം തെളിയിക്കാനുള്ള വഴി ഒരുക്കണമെന്ന ആവശ്യവുമായാണ് ഭാര്യ അദാലത്തിൽ എത്തിയത്.

