വാറ്റ് ഏർപ്പെടുത്തുന്നതോടെ സർക്കാർ ചിലവുകൾ ചുരുങ്ങുമെന്ന് റിപ്പോർട്ട്
മനാമ : ബഹ്‌റൈൻ ധനകാര്യ രംഗത്ത് മൂല്യവർദ്ധിത നികുതി (വാറ്റ്) ഏർപ്പെടുത്തുന്നതോടെ സർക്കാർ ചിലവുകൾ ചുരുങ്ങുമെന്ന് റിപ്പോർട്ട്. വാറ്റ് നിലവിൽ വരുന്നതോടെ ദേശീയ വരുമാനത്തിൽ ഉയർച്ചയുണ്ടാകുമെന്നും ഇത് സാമൂഹ്യ അസ്ഥിരതയെ ഒഴിവാക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബഹ്‌റൈന്റെ സാന്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനാൽ, സാമൂഹ്യ അസ്ഥിരതയെ പരിമിതപ്പെടുത്തുന്നതിന് നടത്തിവരുന്ന പദ്ധതികളുടെ ചിലവ് വെട്ടിക്കുറയ്ക്കാനാകും.
ജി.സി.സി രാജ്യങ്ങളിൽ നികുതി മൂലമുണ്ടായ പ്രത്യാഘാതങ്ങൾ വ്യത്യസ്തമായിരിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ശക്തമായ ചില്ലറ വ്യാപാര മേഖലയായ യു.എ.ഇയാണ് നികുതിയിൽ നിന്ന് കൂടുതൽ നേട്ടമുണ്ടാക്കുന്നത്. യു.എ.ഇ ഗവൺമെന്റിന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിന് വാറ്റ് കൂടുതൽ സഹായകമാകും. കൂടാതെ, അബുദാബിയും ദുബൈയും സന്പന്നരായ സന്ദർശകരെ ആകർഷിക്കുന്നതിലൂടെ കൂടുതൽ വരുമാനം നേടാനാകുമെന്നും റിപ്പോർട്ട് പറയുന്നു.
സൗദി അറേബ്യയിൽ വാറ്റ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ താരതമ്യേന കുറവായിരിക്കും. സൗദി, യു.എ.ഇ എന്നിവ ഇതിനകം വാറ്റ് നടപ്പാക്കിയിട്ടുണ്ട്. ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലാണ് ഇനി പദ്ധതി നടപ്പാക്കുന്നത്. കുവൈത്തിൽ സാന്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള രാഷ്ട്രീയ സന്നദ്ധത കുറവായതിനാൽ, എണ്ണ വിലയിൽ വ്യതിയാനം വരാനുള്ള സാധ്യത കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

