ബഹ്‌റൈനിൽ ഫ്ലെക്സിബിൾ വർക് പെർമിറ്റ് അനുവദിച്ചുതുടങ്ങി
മനാമ : തൊഴിലാളികൾ സ്വയം സ്പോൺസർമാരാകുന്ന പുതിയ സംവിധാനമായ ഫ്ലെക്സിബിൾ വർക് പെർമിറ്റ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽ.എം.ആർ.എ) സിത്ര ഓഫിസിൽ നിന്ന് അനുവദിച്ച് തുടങ്ങി. ആദ്യദിനത്തിൽ നിരവധി പേർ എൽ.എം.ആർ.എ ഓഫിസിലെത്തിയത്. ഫ്ലെക്സിബിൾ പെർമിറ്റിനോട് പ്രവാസികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഉസാമ അൽ അബ്സി പറഞ്ഞു. സിത്ര ഓഫിസിൽ വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെർമിറ്റ് എടുക്കാനെത്തിയവർക്ക് അവർ പാലിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്ന പ്രദർശനമുണ്ടായിരുന്നു. പ്രവാസി സമൂഹത്തിനായി അവരുടെ ഭാഷയിൽ വിശദീകരണം നൽകാനുള്ളവരെയും സജ്ജമാക്കിയിരുന്നു. അപ്പോയൻറ്മെൻറ് ലഭിച്ചവർക്ക് സിത്ര ഓഫിസിലെത്താൻ ബസ് സർവീസും ഏർപ്പെടുത്തി. ഫ്ലെക്സിബിൾ പെർമിറ്റ് എടുക്കുന്നവരുടെ എണ്ണം ഏതാണ്ട് പതിനായിരത്തിനടുത്ത് എത്തുന്പോഴേക്കും പുതിയ സംവിധാനമുണ്ടാക്കുന്ന മാറ്റം തൊഴിൽ വിപണിയിൽ പ്രകടമാകുമെന്ന് ഉസാമ പറഞ്ഞു.
ആദ്യ ഘട്ടത്തിൽ ഈ പെർമിറ്റ് എടുക്കുന്നവർ പദ്ധതിയുടെ അംബാസഡർമാരാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിപണിയിൽ അവർ സുരക്ഷിതമായും ഭയമില്ലാതെയും ജോലി ചെയ്യുന്നത് കാണാനാകും. ഈ സന്ദേശം എല്ലാ തലങ്ങളിലുമെത്തും. തൊഴിലുടമകൾക്ക് ആവശ്യത്തിനനുസരിച്ച് നിയമസാധുതയുള്ള ജോലിക്കാരെ താൽക്കാലികമായി നിയമിക്കാനാകും. മിഡിൽ ഈസ്റ്റിൽ തന്നെ ആദ്യമായാണ് ഈ നീക്കം നടക്കുന്നത്. പ്രതിമാസം 2,000 പെർമിറ്റുകൾ വീതമാണ് അനുവദിക്കുന്നതെങ്കിലും ആദ്യ മാസങ്ങളിൽ ഇത്രയും പേർ പെർമിറ്റ് എടുക്കാൻ സാധ്യതയില്ല. കാരണം, പലരുടെയും കയ്യിൽ പാസ്പോർട്ട് പോലുമുണ്ടാകില്ല. എന്നാൽ, ഇതിന്റെ സൗകര്യങ്ങൾ അറിയുന്നതോടെ കൂടുതൽ പേർ പെർമിറ്റ് എടുക്കാൻ സന്നദ്ധരാകുമെന്ന് തന്നെയാണ് കരുതുന്നത്.
ഏതാണ്ട് 60,000ത്തിലധികം അനധികൃത തൊഴിലാളികൾ രാജ്യത്തുണ്ടെന്നാണ് അനുമാനം. രണ്ടുവർഷം കൊണ്ട് 48,000 പേർക്ക് ഫ്ലെക്സിബിൾ പെർമിറ്റ് അനുവദിക്കാനാകും. പെർമിറ്റ് എടുക്കുന്നവരുടെ പാസ്പോർട്ടിൽ റെസിഡൻസി സ്റ്റിക്കർ പതിക്കുകയും ചെയ്യും. ഉസാമ പറഞ്ഞു.

