അഭിപ്രായ സ്വാതന്ത്ര്യത്തിനുമേൽ കൊലവിളികൾ അനുവദിക്കരുത്
മനാമ : പ്രമുഖ എഴുത്തുകാരനായ കെ.പി രാമനുണ്ണിക്ക് നേരെയും കേരള വർമ്മ കോളേജ് അദ്ധ്യാപികയായ ദീപ നിശാന്തിനെതിരെയും ഉയർന്ന് വന്ന ഭീഷണി കേരളത്തിൽ വിലപ്പോകില്ലെന്ന് കലാലയം സാംസ്കാരിക വേദി പ്രസ്താവനയിൽ പറഞ്ഞു. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെയും തുറന്ന് ഇടപെടുന്നവരെയും ഭീഷണിപ്പെടുത്തി വായടപ്പിക്കാനുള്ള ദുഷ്ട ശക്തികളുടെ ശ്രമം അപലപനീയവും നീചവുമാണ്. വിശ്വാസത്തിന്റെ മറവിൽ വിഭാഗീയത പരത്തുന്നവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്പിൽ കൊണ്ട് വന്ന് മഹത്തായ ഇന്ത്യൻ പാരന്പര്യത്തേയും കേരളീയ സാംസ്കാരിക തനിമയേയും സംരക്ഷിക്കാൻ അധികാരികൾ തയ്യാറാവണമെന്ന് കലാലയം അഭിപ്രായപ്പെട്ടു.
സാംസ്കാരിക പ്രവർത്തകർ, എഴുത്തുകാർ എന്നിവരുടെ നിലപാടുകളോട് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അവരോട് ആദരവും സഹിഷ്ണുതയും പുലർത്തിയ പാരന്പര്യമാണ് നമ്മുടെ നാടിനുള്ളത്. രാജ്യത്തിന്റെ ഈ പാരസ്പര്യം വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മത−ജാതി−രാഷ്ട്രീയ വിഭാഗീയതകൾ മറന്ന് ഒന്നിച്ചുള്ള പ്രവർത്തനങ്ങളെ ഫലം കാണുകയുള്ളൂവെന്നും കലാലയം സാസ്കാരിക വേദി കൂട്ടിച്ചേർത്തു. റഹീം സഖാഫി വരവൂർ, മുഹമ്മദ് വി.പി.കെ, അൻവർ സലീം സഅദി, ഫൈസൽ ചെറുവണ്ണൂർ, മുസ്തഫ പേരാന്പ്ര, അബ്ദുൽ ജലീൽ എടക്കുളം, ഷാഫി വെളിയങ്കോട്, നസീർ പയ്യോളി, എന്നിവർ സംബന്ധിച്ചു.

