ജയിൽ മോചിതരാകുവാൻ പ്രവാസികൾക്ക് സഹായവുമായി വ്യവസായി


മനാമ : ബഹ്‌റൈനിലെ ജയിലിൽ കഴിയുന്ന പ്രവാസികൾക്ക് മോചനം ലഭിക്കുന്നതിന് സഹായവുമായി പ്രദേശവാസിയായ വ്യവസായി രംഗത്ത്. പ്യുവർ ഗോൾഡ് ഗ്രൂപ്പ് സ്ഥാപകനും, ചെയർമാനുമായ ഫിറോസ് മർച്ചന്റ് ആണ് ഇത്തരത്തിലുള്ള പ്രഖ്യാപനവുമായി രംഗത്തെത്തിയത്. കടം വാങ്ങിയ തുക തിരിച്ചടയ്ക്കാതിരിക്കുകയും, കോടതി ചുമത്തിയ പിഴ അടയ്ക്കാത്തതും മൂലം ജയിൽവാസമനുഭവിക്കുന്ന 400ഓളം പ്രവാസികളുടെ മോചനത്തിനായാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്. ഇവരുടെ മോചനത്തിനായി ആഭ്യന്തര മന്ത്രാലയവും, മറ്റു മന്ത്രാലയങ്ങളും ആയി അദ്ദേഹം ചർച്ച നടത്തി.
 
യു.എ.ഇയിൽ അധികൃതരുമായി സഹകരിച്ച് നടത്തിയ പ്രവർത്തനത്തിന് സമാനമായതാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. പിഴയും, കടവും അടയ്ക്കാത്തവർക്ക് പുറമെ തൊഴിലുടമകളിൽ നിന്ന് ഒളിച്ചോടിയവരും ഇക്കൂട്ടത്തിലുണ്ട്. ഇപ്പോഴും പണം അടയ്ക്കാൻ കഴിയാത്തതിനാൽ ജയിൽവാസം അനുഭവിക്കുന്ന ഇവരുടെ മോചനത്തിനായി എല്ലാ മാസവും 10,000 ദിനാർ വീതം സംഭാവന ചെയ്യാനാണ് ഇപ്പോൾ ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ ഇവർക്ക് സുരക്ഷിതമായി സ്വദേശത്തേക്ക് തിരിച്ചു പോകുന്നതിന് വിമാനടിക്കറ്റ് ഏർപ്പാട് ചെയ്യാനും പദ്ധതിയുണ്ട്. നിലവിൽ പദ്ധതിയ്ക്കായി 10,000 ദിനാർ വീതം സംഭാവന ചെയ്യുകയും, പിന്നീട് ഇത് വർദ്ധിപ്പിക്കുകയും ചെയ്യാൻ മന്ത്രാലയവുമായുള്ള കൂടിക്കാഴ്ചയിൽ ധാരണയായിട്ടുണ്ട്.

ഗ്രൂപ്പിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പൊൺസിബിലിറ്റിയുടെ (സി.എസ്.ആർ) ഭാഗമായുള്ള ഈ പദ്ധതിയിൽ ഗൗരവമുള്ള കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരെ ഉൾപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

Most Viewed