രണ്ടു ടേം എന്ന പാർട്ടി ചട്ടം മാറ്റണമെന്ന് സിപിഐഎം ബംഗാള്‍ ഘടകം

ന്യൂഡല്‍ഹി : സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ചൂണ്ടിക്കാട്ടി പൊളിറ്റ് ബ്യൂറോയ്ക്ക് സിപിഐഎം ബംഗാള്‍ ഘടകം കത്ത് കൈമാറി. അടുത്ത യോഗത്തില്‍ പിബി കത്ത് ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. യെച്ചൂരിയെ പോലൊരാള്‍ രാജ്യസഭയില്‍ വേണമെന്നും ഇതിനായി രണ്ടു ടേം എന്ന പാർട്ടി ചട്ടം മാറ്റണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു.
രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലക്ക് പാര്‍ട്ടി നയം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അത് ലംഘിക്കാന്‍ തയ്യാറല്ലെന്നുമാണ് യെച്ചൂരി വ്യക്തമാക്കിയത്.
സീതാറാം യെച്ചൂരി പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിച്ചാല്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസും അറിയിച്ചിരുന്നു.
യെച്ചൂരിയല്ലാതെ മറ്റാരെയെങ്കിലുമാണ് സിപിഐഎം രാജ്യസഭയിലേക്ക് അയക്കാന്‍ നോക്കുന്നതെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാവും കോണ്‍ഗ്രസ് ശ്രമിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യെച്ചൂരി മത്സരിക്കുന്നില്ലെങ്കില്‍ മേല്‍സഭയില്‍ സിപിഐഎം പ്രാതിനിധ്യം നഷ്ടമാകും. ആറ് രാജ്യസഭാ സീറ്റുകളില്‍ അഞ്ചും തൃണമൂല്‍ കോണ്‍ഗ്രസിനാണ്. 211 എംഎല്‍എമാരുള്ള തൃണമൂല്‍ ഇത് നിലനിര്‍ത്തും.