അവസരം വന്നാല്‍ ടി20 നായക സ്ഥാനം ഇരു കൈയ്യും നീട്ടി സ്വീകരിക്കും : രോഹിത്ത് ശർമ

മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗ് 10 സീസണുകള്‍ പിന്നിടുമ്പോള്‍ മൂന്ന് കിരീടങ്ങളാണ് മുംബൈ ഇന്ത്യൻസിന്റെ അകൗണ്ടിൽ ഉള്ളത്. ടീമിന്റെ അമരത്താകട്ടെ രോഹിത്ത് ശർമയും. ഏറെനാളായി ക്രിക്കറ്റ് പ്രേമികൾ ചോദിക്കാനാഗ്രഹിച്ച ചോദ്യം ഒടുവില്‍ ഒരു മാധ്യമ പ്രവര്‍ത്തകൻ രോഹിത്തിനോട് ചോദിച്ചു. ഇന്ത്യയുടെ ടി20 നായക സ്ഥാനം ഏറ്റെടുക്കുമോ?
രോഹിത്തിന്റെ ഉത്തരം ഉടനെത്തി. ' ഇപ്പോള്‍ അങ്ങനെ ചിന്തിക്കുന്നത് തന്നെ കടന്ന കയ്യാണ്. അവസരം വരട്ടെ. അവസരം വന്നാല്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കും.' അതെ, അവസരം കിട്ടാതെ പറ്റില്ലല്ലോ. ഇതോടെ രോഹിത്ത് കോഹ്ലിയ്ക്ക് പാരയാകുമോയെന്നാണ് ഒരു വിഭാഗം ക്രിക്കറ്റ് പ്രേമികളുടെ ആശങ്ക. അതിനും താരത്തിന്റെ കയ്യിൽ വിശദീകരണമുണ്ട്. ഐപിഎല്‍ അല്ല അന്താരാഷ്ട്ര ക്രിക്കറ്റെന്നും അത് വളരെ വ്യത്യസ്തമാണെന്നുമാണ് രോഹിത്തിന്റെ അഭിപ്രായം.
നിലവില്‍ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലുമുളള നായകന്‍. സമീപഭാവിയില്‍ ടി20യില്‍ നായകനെന്ന നിലയില്‍ കോഹ്ലി കാഴ്ച്ചവെക്കുന്ന പ്രകടന മികവ് അനുസരിച്ചിരിക്കും താരത്തിന്റെ ക്യാപ്റ്റന്‍ കിരീടം. ഐപിഎല്ലില്‍ മൂന്ന് കിരീടം നേടിയ രോഹിത്തിനെ അത്ര പെട്ടെന്ന് ഇനി അവഗണിക്കാനാകില്ലെന്ന് ചുരുക്കം. 2013, 2015, 2017 വര്‍ഷങ്ങളിലാണ് രോഹിത്ത് മുംബൈ ഇന്ത്യന്‍സിനെ ഐപിഎല്ലില്‍ കിരീടം നേടിക്കൊടുത്തത്. 2013ലാണ് രോഹിത് മുംബൈ നായകനായി അരങ്ങേറുന്നത്. കേവലം അഞ്ച് വര്‍ഷത്തിനിടെ മൂന്ന് കിരീട നേട്ടങ്ങള്‍...!