ചികിത്സയിൽ അനാസ്ഥ : വെറ്റിനറി ക്ലിനിക്കിനെതിരെ ആരോപണം

മനാമ : വളർത്തുനായയ്ക്ക് ശരിയായ ചികിത്സ നൽകിയില്ലെന്നും, അനാസ്ഥ കാണിച്ചതായും റിഫയിലെ വെറ്റിനറി ക്ലിനിക്കിനെതിരെ ആരോപണം. സൗരവ് സെൻ എന്നയാളാണ് 10 മാസം പ്രായമുള്ള തന്റെ വളർത്തുനായ ചോട്ടുവിന് ക്ലിനിക്കിൽ ശരിയായ ചികിത്സ നൽകിയില്ലെന്ന് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
നായയുടെ കണ്ണിന് സാരമായ പരിക്കേറ്റതിനെ തുടർന്നാണ് ഹോം ഓഫ് വെറ്റിനറി മെഡിസിന് എതിരെ ഇയാൾ ആരോപണമുന്നയിക്കുന്നത്. ജൂലൈ രണ്ടിനു ഭക്ഷണത്തിനു പുറമെ ചെലവിനായി അഞ്ച് ദിനാർ നൽകി ഇവിടെ കൊണ്ട് വിട്ടതാണ് ചോട്ടുവിനെ. പിന്നീട് ജൂലൈ 11ന് ഇവിടെ നിന്ന് വിളിച്ച് അറിയിച്ചത് അവിടെയുള്ള മറ്റു നായ്ക്കളിൽ നിന്നുമുള്ള ആക്രമണത്തിൽ ചോട്ടുവിന് പരിക്കേറ്റെന്നും, കാഴ്ച നഷ്ടമായെന്നുമാണ്. ഉടൻ മറ്റൊരു ആശുപത്രിലെത്തിച്ചെങ്കിലും ചോട്ടുവിന്റെ കാഴ്ച്ച എന്നന്നേയ്ക്കുമായി നഷ്ടമായതായി ഡോക്ടർമാർ അറിയിച്ചു. ഇത് വെറ്റിനറി ക്ലിനിക്കിന്റെ അനാസ്ഥയാണെന്നാണ് സൗരവിന്റെ ആരോപണം. പരാതിയുമായി നിരവധി അധികൃതരെയും മൃഗ സംരക്ഷണ ഏജൻസികളെയും ഇയാൾ സമീപിച്ചിട്ടുണ്ട്.