കറാബാബാദ് ആക്രമണം : ഉത്തരവാദികളെന്ന് സംശയിക്കുന്നവർ പിടിയിൽ

മനാമ : ബഹ്റിനെ നടുക്കിയ കറാബാബാദ് തീവ്രവാദി ആക്രമണത്തിന്റെ ഉത്തരവാദികളെന്ന് സംശയിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രി ലഫ്. ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഉന്നതാധികാരി യോഗത്തിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. ആക്രമണത്തിന് ശേഷത്തെ സംഭവവികാസങ്ങൾ യോഗം ചർച്ച ചെയ്തു.
ഒട്ടനവധി പേർ സംഭവത്തിലുൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിൽ മിക്കവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. 2011 മുതൽ 17 പോലീസുകാരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ ആക്രമണമഴിച്ചുവിടുന്നവരെ ഉടനടി തന്നെ പിടികൂടുമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി.
ആക്രമണത്തിൽകൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥൻ മുഹമ്മദ് തൻവീറിന് യോഗം ആദരാഞ്ജലികൾ രേഖപ്പെടുത്തി. അന്തരിച്ച ഉദ്യോഗസ്ഥന് നിത്യശാന്തി നേർന്ന യോഗം ആക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിച്ചു. രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമുള്ള ഇടപെടലുകളാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് വീക്ഷിച്ച ആഭ്യന്തര മന്ത്രാലയം ഓൺലൈനിൽ സജീവമായ കുട്ടികളെ നിരീക്ഷിക്കാനും ജാഗരൂകരാകാനും മാതാപിതാക്കളോട് അഭ്യർഥിച്ചിട്ടുണ്ട്.