ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തകർത്ത് ബഹ്‌റൈൻ; സൈന്യം അതീവ ജാഗ്രതയിലെന്ന് ജനറൽ കമാൻഡ്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ സിവിലിയന്മാരെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ട് ഇന്നലെ രാത്രി മുതൽ ഇറാൻ തുടരുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് . ശത്രുതാപരമായ നീക്കങ്ങളെ രാജ്യം ശക്തമായ പ്രതിരോധത്തോടെയാണ് നേരിടുന്നതെന്നും, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നിരവധി ആകാശക്രമണങ്ങളെ ബി.ഡി.എഫിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടയുകയും തകർക്കുകയും ചെയ്തതായി ജനറൽ കമാൻഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കുന്നതിനായി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സിന്റെ എല്ലാ വിഭാഗങ്ങളും ആയുധശേഖരങ്ങളും നിലവിൽ അതീവ പ്രതിരോധ ജാഗ്രതയിലാണ് (High defensive alert). ഏതുതരത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ സൈന്യം പൂർണ്ണ സജ്ജമാണെന്ന് ജനറൽ കമാൻഡ് വ്യക്തമാക്കി. മാതൃരാജ്യത്തിന്റെ കാവലാളായി നിലകൊള്ളുന്ന സൈനികരുടെ ഉയർന്ന പോരാട്ടവീര്യത്തെയും അചഞ്ചലമായ ജാഗ്രതയെയും കമാൻഡ് അഭിനന്ദിക്കുകയും രാജ്യത്തിന്റെ അഭിമാനമായി അവരെ വിശേഷിപ്പിക്കുകയും ചെയ്തു.

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സൈന്യം നിർദ്ദേശിച്ചു. വ്യോമാക്രമണങ്ങളെത്തുടർന്ന് തകർന്നുവീഴുന്ന മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ, അല്ലെങ്കിൽ സംശയാസ്പദമായ ഏതെങ്കിലും അജ്ഞാത വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ യാതൊരു കാരണവശാലും അതിൽ തൊടുകയോ സമീപിക്കുകയോ ചെയ്യരുത്. ഇത്തരം വസ്തുക്കൾ കണ്ടാലുടൻ തന്നെ ബന്ധപ്പെട്ട സുരക്ഷാ അധികാരികളെ വിവരമറിയിക്കേണ്ടതാണ്. അജ്ഞാത വസ്തുക്കൾ സുരക്ഷിതമായും സാങ്കേതികമായും കൈകാര്യം ചെയ്യുന്നതിനായി റോയൽ ഫീൽഡ് എഞ്ചിനീയറിംഗ് യൂണിറ്റിലെ വിദഗ്ദ്ധ സംഘം പൂർണ്ണ സജ്ജരാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

സിവിലിയന്മാരെയും സാധാരണക്കാരുടെ സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് ബോധപൂർവ്വം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തുന്ന ക്രൂരമായ ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ (International Humanitarian Law) നഗ്നമായ ലംഘനമാണെന്ന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് ജനറൽ കമാൻഡ് ചൂണ്ടിക്കാണിച്ചു. ഇത്തരം ഭീഷണികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

article-image

fsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed