ഫോട്ടോ ഫ്രെയിമിൽ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്താൻ ശ്രമം: വാൻ ഡ്രൈവർക്ക് ബഹ്‌റൈനിൽ 15 വർഷം തടവും നാടുകടത്തലും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഫോട്ടോ ഫ്രെയിമുകൾക്കുള്ളിൽ മയക്കുമരുന്ന് കലർത്തിയ പേപ്പറുകൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശിയായ വാൻ ഡ്രൈവർക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി 15 വർഷം തടവുശിക്ഷ വിധിച്ചു. സിന്തറ്റിക് കന്നാബിനോയിഡുകൾ വിൽപനയ്ക്കായി ഇറക്കുമതി ചെയ്തതിനും, ഹാഷിഷ്, ഷാബു (മെത്താംഫെറ്റാമൈൻ) എന്നിവ കൈവശം വെച്ചതിനുമാണ് 20 വയസ്സുകാരനായ യുവാവിനെ കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 10,000 ബഹ്‌റൈനി ദീനാർ പിഴയടക്കാനും ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
ലിത്വാനിയയിൽ നിന്ന് എയർ മെയിൽ വഴി വന്ന പാഴ്സലിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ മയക്കുമരുന്ന് കണ്ടെത്തിയത്. പരമ്പരാഗത വസ്ത്രം ധരിച്ച നവദമ്പതികളുടെ വിവാഹ ചിത്രങ്ങളടങ്ങിയ രണ്ട് ഫോട്ടോ ഫ്രെയിമുകളായിരുന്നു പാഴ്സലിൽ ഉണ്ടായിരുന്നത്. കസ്റ്റംസ് നടത്തിയ പതിവ് പരിശോധനയിൽ ഫ്രെയിമുകൾക്കുള്ളിൽ അസ്വാഭാവികമായ സാന്ദ്രത ശ്രദ്ധയിൽപ്പെടുകയും തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഫോട്ടോകൾക്ക് പിന്നിലായി ഒളിപ്പിച്ച നിലയിലുള്ള പേപ്പറുകൾ കണ്ടെത്തുകയുമായിരുന്നു. ഏകദേശം 381 ഗ്രാം സി.ബി.ഡി ഓയിൽ (CBD Oil) ആഗിരണം ചെയ്ത നിലയിലുള്ള നിരവധി പേപ്പറുകളാണ് ഇതിലുണ്ടായിരുന്നത്. ഈ പാഴ്സൽ കൈപ്പറ്റാൻ എത്തിയപ്പോഴാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്.
ബഹ്‌റൈനിൽ പ്രതിമാസം 200 ദീനാർ ശമ്പളത്തിന് വാൻ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രതി. ചോദ്യം ചെയ്യലിൽ താൻ കുറ്റം ചെയ്തതായി ഇയാൾ സമ്മതിച്ചു. അബുബക്കർ എന്ന് വിളിക്കപ്പെടുന്ന ഒരാളാണ് തന്നെ ഈ സംഘത്തിലേക്ക് നിയോഗിച്ചതെന്നും പ്രതി വെളിപ്പെടുത്തി. മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനായി നാല് ലക്ഷം പാകിസ്ഥാൻ രൂപയും (ഏകദേശം 538 ബഹ്‌റൈനി ദീനാർ) അതോടൊപ്പം സൗജന്യമായി ഉപയോഗിക്കാൻ ഷാബുവും വാഗ്ദാനം ചെയ്തിരുന്നു. അറസ്റ്റിലാകുന്നതിന് രണ്ട് മാസം മുമ്പ് മുതലാണ് താൻ ലഹരി ഉപയോഗിക്കാൻ തുടങ്ങിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
അറസ്റ്റ് ചെയ്യുന്ന സമയത്ത് പ്രതിയുടെ പക്കൽ നിന്ന് ഗ്ലാസ് പൈപ്പും മയക്കുമരുന്ന് കലർന്ന പേപ്പർ കഷ്ണവും പോലീസ് കണ്ടെത്തിയിരുന്നു. കൂടാതെ പ്രതിയുടെ മൊബൈൽ ഫോണിൽ മയക്കുമരുന്നിന്റെ ചിത്രങ്ങൾ ഉണ്ടായിരുന്നതായും മൂത്രപരിശോധനയിൽ ഹാഷിഷിന്റെ അംശം കണ്ടെത്തിയതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളാണ് ഈ കടത്തിന് പിന്നിലെന്ന് പ്രോസിക്യൂഷൻ നിരീക്ഷിച്ചെങ്കിലും, പ്രതി സൂചിപ്പിച്ച അബുബക്കർ എന്നയാളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
fgdg


