ബഹ്‌റൈൻ പാർലമെന്റ് സമ്മേളനം ചൊവ്വാഴ്ച: സാമ്പത്തിക ഭദ്രത ലക്ഷ്യമിട്ട് നിർണ്ണായക നിർദ്ദേശങ്ങൾ സമർപ്പിക്കും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തിന്റെ സാമ്പത്തിക കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സർക്കാർ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുമായി പത്തോളം തന്ത്രപരമായ നിർദ്ദേശങ്ങൾ വരാനിരിക്കുന്ന ബഹ്റൈൻ പാർലമെന്റ് സമ്മേളനത്തിൽ സമർപ്പിക്കും. കഴിഞ്ഞ വർഷത്തെ നാഷണൽ ഓഡിറ്റ് റിപ്പോർട്ട് വിശദമായി അവലോകനം ചെയ്ത ശേഷം സാമ്പത്തിക കാര്യ സമിതിയാണ് ഈ ശുപാർശകൾ മുന്നോട്ടുവെച്ചിരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ഈ റിപ്പോർട്ടിൽ രാജ്യത്തിന്റെ സാമ്പത്തിക അച്ചടക്കം, സ്വദേശിവൽക്കരണം, ബജറ്റ് മാനേജ്‌മെന്റ് എന്നിവയ്ക്കാണ് മുൻഗണന നൽകിയിരിക്കുന്നത്.
രാജ്യത്തിന്റെ പൊതുകടം നിയന്ത്രിക്കുന്നതിനായി അടിയന്തരമായി ഒരു പ്രത്യേക പൊതുകട നിയമം (Public Debt Law) എത്രയും വേഗം പാസാക്കണമെന്ന് സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. പൗരന്മാർക്ക് നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ തന്നെ കടം കുറയ്ക്കാനുള്ള നടപടികൾ സർക്കാർ തുടരണം. 2024 അവസാനത്തോടെ രാജ്യത്തിന്റെ പൊതുകടം ഏകദേശം 19.3 ബില്യൺ ബഹ്‌റൈനി ദീനാറിൽ എത്തിയതായും ഇത് മുൻവർഷത്തെ അപേക്ഷിച്ച് എട്ട് ശതമാനം വർദ്ധനവാണെന്നും സമിതി ചൂണ്ടിക്കാട്ടി. ഇതോടെ രാജ്യത്തിന്റെ കടം ജിഡിപിയുടെ 110 ശതമാനമായി ഉയർന്നിട്ടുണ്ട്. 2023-ൽ ഇത് 107 ശതമാനമായിരുന്നു.
തൊഴിൽ വിപണിയിലെ സ്വദേശിവൽക്കരണം (Bahrainisation) ശക്തിപ്പെടുത്തുന്നതിനായി സുപ്രധാനമായ ചില മാറ്റങ്ങളും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങളുടെ ഓരോ ശാഖകളെയും വ്യക്തിഗതമായി കാണുന്നതിന് പകരം, ആ സ്ഥാപനത്തെ മൊത്തമായി കണക്കിലെടുത്ത് വേണം സ്വദേശിവൽക്കരണ ക്വോട്ട നിശ്ചയിക്കാൻ. നിലവിൽ ശാഖകളായി വിഭജിക്കപ്പെട്ടത് കാരണം പല സ്ഥാപനങ്ങളും സ്വദേശിവൽക്കരണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പുതിയ നിർദ്ദേശം നടപ്പിലാക്കുന്നതോടെ ബഹ്‌റൈനികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ സാധിക്കും. കൂടാതെ സിവിൽ സർവീസ് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും യോഗ്യരായ ബഹ്‌റൈനികളെ കണ്ടെത്തി വിദേശ ജീവനക്കാർക്ക് പകരം നിയമിക്കുന്നതിന് വ്യക്തമായ സമയപരിധി നിശ്ചയിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
മന്ത്രാലയങ്ങൾക്ക് അനുവദിച്ച ബജറ്റിനുള്ളിൽ നിന്നുകൊണ്ട് വരുമാനവും ചെലവും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ധനകാര്യ മന്ത്രാലയം ഉറപ്പുവരുത്തണം. വിവിധ പദ്ധതികൾക്കായി നീക്കിവെച്ച തുക പലപ്പോഴും പൂർണ്ണമായി ചെലവഴിക്കാത്ത സാഹചര്യം നിലവിലുണ്ട്. ഇതിന്റെ കൃത്യമായ കാരണങ്ങൾ പഠിക്കണമെന്നും സമിതി നിർദ്ദേശിച്ചു. സർക്കാർ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനൊപ്പം തന്നെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സുരക്ഷിതമാക്കാനുള്ള വിപുലമായ ചർച്ചകൾ ചൊവ്വാഴ്ചത്തെ സഭയിൽ നടക്കും.
dsfdsf


