അക്ഷരങ്ങളിലൂടെ ക്യാൻസർ രോഗികൾക്ക് കാരുണ്യമായി

മനാമ: അക്ഷരങ്ങളിലൂടെ മാത്രമല്ല പ്രവർത്തനങ്ങളിലൂടെയും സമൂഹത്തിന് നന്‍മയുടെ സന്ദേശം നൽകി ‘പാതിരാപ്പാട്ടിലെ തേൻ നിലാപ്പക്ഷികൾ’ എന്ന കൃതിയുടെ രചയിതാവും ഗൾഫ് പ്രവാസിയുമായ ഷാജി മഠത്തിൽ മാതൃകയാവുന്നു. ബഹ്റിൻ കേരളീയ സമാജത്തിൽ നടന്നു വരുന്ന ബി.കെ.എസ് ഡി.സി ബുക്സ് അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം ദിനമായ ഇന്ന് വൈകീട്ട് സമാജത്തിൽ നടക്കുന്ന ചടങ്ങിൽ ഈ പ്രവാസി എഴുത്തുകാരന്റെ കൃതി അനുവാചകർക്ക് പരിചയപ്പെടുത്തും. സ്പാക് ഗ്രൂപ്പ് ചെയർമാൻ പി. ഉണ്ണികൃഷ്ണൻ കഥാകൃത്ത് ജയചന്ദ്രന് നൽകി പുസ്തകത്തിന്റെ ഗൾഫ് പ്രകാശനം നിർവ്വഹിക്കും. തന്റെ പുസ്തകത്തിന്റെ വിറ്റുവരവിലൂടെ കിട്ടുന്ന റോയൽറ്റി ആലുവ അൻവർ ഹോസ്പ്പിറ്റലിലെ ക്യാൻസർ രോഗികൾക്കായി നൽകുമെന്ന് ഇന്ന് രാവിലെ ഫോർ പി.എം ന്യൂസ് ഓഫീസ് സന്ദർശിച്ച ഷാജി മഠത്തിൽ പറഞ്ഞു. ഖത്തർ എയർവേയ്സിൽ സീനിയർ സോഫ്റ്റ് വെയർ എഞ്ചിനിയറായി ജോലി ചെയ്യുകന്ന ഈ പ്രവാസിയുടെ പ്രഥമ നോവലാണ് ‘പാതിരാപ്പാട്ടിലെ തേൻ നിലാപ്പക്ഷികൾ’. മലയാളത്തിൽ ആദ്യമായി ഒരു ത്രീ ഡി പുറം ചട്ടയുമായാണ് ഷാജിയുടെ നോവൽ പുറത്തിറങ്ങുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 22ന് ആലുവയിൽ വെച്ച് പ്രൊഫസർ എം.കെ സാനുവാണ് നോവലിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചത്. മലയാള സാഹിത്യത്തിലെ ആദ്യത്തെ ത്രീഡി പുറം ചട്ടയെന്ന നോമിനേഷൻ ലിംക ബുക്ക് ഓഫ് റിക്കോർഡ്സിന് സമർപ്പിച്ചതായി ഷാജി മഠത്തിൽ പറഞ്ഞു. പുനർജ്ജനി എന്ന സന്നദ്ധ സംഘടനയുടെ സജീവ പ്രവർത്തകൻ കൂടിയാണ് ഇദ്ദേഹം.
പുനർജ്ജനിയുടെ ചികിത്സാ ധനസഹായ വിതരണം പാതിരാപ്പാട്ടിലെ തേന്‍നിലാപ്പക്ഷികളുടെ പ്രകാശന ചടങ്ങിൽ അന്‍വർ സാദത്ത് എം.എൽ.എയും ഷാജി മഠത്തിലും ചേർന്നാണ് നിർവ്വഹിച്ചത്. നട്ടല്ലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആലുവ സ്വദേശി സന്തോഷിനും ഡയാലിസിസ് സൗജന്യമായി ചെയ്യുന്ന കളമശ്ശേരിയിലെ എ.കെ.എം ചാരിറ്റബിൾ ട്രസ്റ്റിനും ആലുവ മുനിസിപ്പാലിറ്റിയുടെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിനും പുനർജ്ജനി സഹായം നൽകിയിരുന്നു. പുസ്തകത്തിന്റെ റോയൽറ്റി ആലുവ അൻവർ ഹോസ്പ്പിറ്റലിലെ ക്യാൻസർ രോഗികൾക്കായി നൽകി കൊണ്ടുള്ള സമ്മതപത്രം ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ഹൈദരാലിക്ക് സമർപ്പിച്ചതായി ഷാജി പറഞ്ഞു. ചേതനയറ്റ സ്വന്തം ശരീരത്തിന് കാവലായി നിന്ന് ആത്മാവിന്റെ ആത്മാന്വേഷണത്തിലൂടെ ഒരു ജന്മത്തിന്റെ കഥപറയുന്ന ഈ നോവലിൽ ജീവിച്ചിരിക്കുന്നതും, മൺമറഞ്ഞ് പോയതുമായ ഒരുപറ്റം ജീവിതങ്ങളെ അവരുടെ ചുറ്റുപാടുകളോടെ അടർത്തിയെടുത്ത് അവതരിപ്പിച്ചിരിക്കുന്നു. ജനവരി 16 വരെ നീളുന്ന ബു.കെ.എസ് −ഡി .സി ബുക്സ് പുസ്തക പുസ്തകമേളയിൽ ഷാജിയുടെ നോവൽ ലഭ്യമായിരിക്കും. ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്ന തലശ്ശേരി സ്വദേശിയായ കഥാകാരൻ തന്റെ നോവലിന്റെ പാശ്ചാത്തലമായി തെരഞ്ഞെടുത്തത് ബഹ്റിൻ ആണെന്ന പ്രത്യേകതയും നോവലിനെ കുറിച്ചുള്ള കൗതുകം ഉണർത്തുന്നു. ഭാര്യ: സന്ധ്യ, മകൻ: ആകാശ് ഷാജി.