ഐപിഎൽ ഫൈനൽ മാറ്റാൻ സാധ്യത


മുംബൈ: ഐപിഎൽ ഫൈനൽ നവംബർ എട്ടിൽ നിന്ന് 10ലേക്ക് മാറ്റാൻ ആലോചന. ദീപാവലി പരിഗണിച്ച് ടൂർണമെന്റ് നീട്ടണമെന്ന സ്റ്റാർ സ്‌പോർട്സിന്റെ അഭ്യർത്ഥന അടുത്ത ബിസിസിഐ ഗവേണിംഗ് കൗൺസിൽ ചർച്ച ചെയ്യും. പത്തിലേക്ക് മാറ്റിയാൽ ചരിത്രത്തിൽ ആദ്യമായി ഐപിഎൽ ഫൈനൽ ഞായറാഴ്ച അല്ലാത്ത ദിവസം നടക്കും. സെപ്റ്റംബർ 19 മുതൽ യുഎഇ യിലാണ് ഇത്തവണ ഐപിഎൽ നടക്കുന്നത്.
ഓഗസ്റ്റ് 20ഓടെ യുഎഇയിൽ എത്തുന്ന ടീമുകൾക്ക് ഒരുമാസത്തെ പരിശീലനത്തിന് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. യുഎഇയിലേക്കുള്ള യാത്രക്കായുള്ള ഒരുക്കങ്ങൾ തുടങ്ങാൻ ബിസിസിഐ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 51 ദിവസത്തെ ടൂർണമെന്റിൽ 60 മത്സരങ്ങളാകും ഉണ്ടാകുക.
കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎൽ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചത്. ഒക്ടോബർ, നവംബർ മാസങ്ങളിലായി ഓസ്‌ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പ് സംബന്ധിച്ച് ഐസിസി തീരുമാനം വൈകിയതും ബിസിസിഐയുടെ തീരുമാനം നീളാൻ കാരണമായി. നേരത്തെ ഇന്ത്യയിൽ തന്നെ ഒന്നോ രണ്ടോ വേദികളിൽ മാത്രമായി ഐപിഎൽ നടത്തുന്ന കാര്യം ബിസിസിഐ പരിഗണിച്ചിരുന്നു.
Next Post