വടക്കൻ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദിനെ ക്ഷണിച്ച് യൂറോപ്യൻ പാർലമെന്റ്


ബ്രസൽസ്: അഫ്ഗാനിൽ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന വടക്കൻ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദിനെ ക്ഷണിച്ച് യൂറോപ്യൻ പാർലമെന്റ്. അഫ്ഗാൻ വിഷയങ്ങളുടെ വസ്തുതകൾ യൂറോപ്യൻ യൂണിയനിലും കൗൺസിലിലും അവതരിപ്പിക്കാനാണ് മസൂദിനോട് അഭ്യർത്ഥിച്ചിട്ടുള്ളത്. പഞ്ചശിറിൽ നിലയുറപ്പിച്ച് അഫ്ഗാനിലെ ജനങ്ങൾക്കായി പോരാടിയ വടക്കൻ സഖ്യത്തെ യൂറോപ്യൻ യൂണിയൻ അഭിനന്ദിച്ചു. അതേസമയം താലിബാനെ സഹായിച്ച പാകിസ്താന്റെ നടപടികളെ യൂറോപ്യൻ യൂണിയൻ അപലപിച്ചു.

യൂറോപ്യൻ പാർലമെന്റിൽ 27 രാജ്യങ്ങളുടെ 98 അംഗങ്ങളുള്ള കൗൺസിലിലും 705 അംഗ പാർലമെന്റിലുമാണ് മസൂദ് അഫ്ഗാൻ വിഷയം അവതരിപ്പിക്കുക. അഫ്ഗാനിസ്ഥാന്റെ ഭാവിയെ സംബന്ധിച്ച് ഏറെ ആശങ്കയാണ് യൂറോപ്യൻ പാർലമെന്റംഗങ്ങൾ പങ്കുവെച്ചത്. ജനങ്ങളുടെ മൗലികാവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും താലിബാൻ അടിമച്ചമർത്തിയെന്നും പാർലമെന്റംഗങ്ങൾ പറഞ്ഞു. താലിബാന്റെ ഭീകരതയ്‌ക്കെതിരേയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേയും സ്വീകരിക്കേണ്ട നയങ്ങൾ രൂപീകരിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് മസൂദിനെ പ്രത്യേകം ക്ഷണിച്ചത്. താലിബാൻ പഞ്ചശിർ പിടിച്ചതോടെ മുൻ അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയും അഹമ്മദ് മസൂദും താജിക്കിസ്താനിലാണുള്ളത്.

അഫ്ഗാനിൽ താലിബാൻ എന്ത് നയം സ്വീകരിച്ചാലും ഭരണകൂടത്തിൽ എല്ലാവരേയും ഉൾപ്പെടുത്തണമെന്നും സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നുമാണ് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെടുന്നത്.

You might also like

Most Viewed