കേരളത്തിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർ‍ബന്ധമാക്കും


സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർ‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർ‍ജ്. സ്ഥാപനങ്ങൾ‍ മൂന്ന് മാസത്തിനകം ഭക്ഷ്യസുരക്ഷാ ലൈസൻസ് ലഭ്യമാക്കിയിരിക്കണം. കടകളിൽ‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോൾ‍ ഫ്രീ നമ്പർ‍ പ്രദർ‍ശിപ്പിക്കണം. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ‍ ഫോട്ടോ സഹിതം അപ്‌ലോഡ് ചെയ്യാൻ പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വ്യാപകമായി പരിശോധന തുടരാനും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ‍ക്ക് മന്ത്രി നിർ‍ദേശം നൽ‍കി.

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷനോ അല്ലെങ്കിൽ‍ ലൈസൻസോ നിർ‍ബന്ധമാക്കാൻ നിർ‍ദേശം നൽ‍കിയിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ‍ കൂടുതൽ‍ ശക്തമാക്കുന്നതാണ്. മഴക്കാലം കൂടി മുന്നിൽ‍ കണ്ട് ഭക്ഷ്യ സുരക്ഷാ പരിശോധന ഏറെ പ്രധാനമാണ്. പകർ‍ച്ചവ്യാധി പ്രതിരോധത്തിന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കാലോചിതമായി ഭക്ഷ്യ സുരക്ഷാ കലണ്ടർ‍ പരിഷ്‌ക്കരിക്കണം. പരാതികൾ‍ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യുന്നതിന് പൊതുജനങ്ങൾ‍ക്ക് സൗകര്യമുണ്ടാകും.

ഭക്ഷ്യ സുരക്ഷാ പരിശോധന കുറച്ച് കഴിഞ്ഞ് നിർ‍ത്തുന്ന രീതി ഉണ്ടാകരുത്. തുടർ‍ച്ചയായി പരിശോധനകൾ‍ നടത്തണം. കർ‍ശനമായ നടപടികൾ‍ സ്വീകരിക്കണം. അടപ്പിച്ച കടകൾ‍ തുറക്കുന്നതിന് കൃത്യമായ മാനദണ്ഡമനുസരിച്ചായിരിക്കും നടത്തുക. ഇനി ആവർ‍ത്തിക്കാതിരിക്കാൻ‍ കർ‍ശന നടപടികൾ‍ സ്വീകരിക്കുന്നതാണ്. ഇവ ചട്ടങ്ങൾ‍ പാലിച്ച് നടപ്പിലാക്കാൻ‍ ശ്രദ്ധിക്കണം. സമയബന്ധിതമായി പരിശോധനാ ഫലങ്ങൾ‍ ലഭിക്കാനും നടപടി സ്വീകരിക്കണം. കൃത്യമായ ഇടവേളകളിൽ‍ ജില്ലാതലത്തിൽ‍ രണ്ടാഴ്ചയിലൊരിക്കൽ‍ വിശകലനം ചെയ്യണമെന്നും അസി. കമ്മീഷണർ‍മാർ‍ ഇത് വിലയിരുത്തണമെന്നും മന്ത്രി നിർ‍ദേശിച്ചു.

ഓരോ മാസവും പരിശോധന സംബന്ധിച്ച് സംസ്ഥാന തലത്തിൽ‍ വിശകലനം ചെയ്യണം. അവബോധ പരിപാടികളും ശക്തമാക്കണം. എഫ്എസ്എസ്എഐ നിർ‍ദേശിച്ച മാനദണ്ഡമനുസരിച്ച് ഒരു സ്ഥാപനത്തിലെ ഒരാളെങ്കിലും പരിശീലനം നേടിയിരിക്കണം. അവർ‍ മറ്റുള്ളവർ‍ക്ക് പരിശീലനം നൽ‍കണം. എല്ലാ തലത്തിലുള്ള ഭക്ഷ്യ വസ്തുക്കളും പരിശോധിക്കണം. പരിശോധനാ സമയത്ത് അത്യാവശ്യ ഘട്ടങ്ങളിൽ‍ ഉദ്യോഗസ്ഥർ‍ക്ക് പോലീസ് സുരക്ഷ തേടാവുന്നതാണ്.

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed