ഒാർത്തുവെയ്ക്കാൻ (കവിത)


നമ്മളിത്ര മാത്രം
തമ്മിലന്യരാണല്ലേ..?
ഉള്ളിലെത്ര പെയ്‌തിട്ടുമിന്നില്ല
ഞാനല്ലേ..??
അത്ര പെട്ടെന്ന് തോരുന്ന
കൗതുകച്ചാറ്റലായിറ്റിറ്റു
വീണു തീർന്നെന്റെ
തേനല്ലേ..?
എന്തിനത്രമേൽ വേഗത്തിലന്നു
ഞാൻ നിന്റെ നെഞ്ചോരത്തുരുത്തിലേയ്ക്കറ്റു
വീണല്ലേ..?
പിന്നപ്പോഴാ കൊണ്ട
തീക്കാറ്റിനെ ചുണ്ടിലേന്തിച്ചുവന്നിന്നും
കിതച്ചിരിപ്പല്ലേ..?
സ്വസ്ഥമല്ലാ ഭ്രമത്തേരിലേന്തിത്തളർന്നപ്പോളീ
പ്രേമത്തണൽ മടുത്തല്ലേ..
നഷ്ടമാവില്ല നീയെന്നു
നുണ ചൊന്നെങ്കിലിത്രയും
പൊള്ളിത്തകർന്നിടില്ലെന്നേ..

നീയെത്ര മൗനത്തെ
തൊടുക്കുമ്പോഴും മുന്നിലിത്ര
നിസ്സംഗമായ് പെരുക്കുന്പോഴും
തന്നൊരിത്തിരി സ്നേഹപ്രപഞ്ചത്തിലെന്നെ
ഞാനെപ്പോഴേ കോർത്തതാണോർത്തു വെക്കില്ലേ..??

 

അനീഷ.പി

You might also like

Most Viewed