ഒബാമ വരുന്പോൾ
കഴിഞ്ഞ ദിവസം മൂന്നാം നിലയിലെ ഓഫീസിൽ നിന്ന് താഴേക്കിറങ്ങാനായി സഹപ്രവർത്തകർക്കൊപ്പം ലിഫ്റ്റിന് മുന്പിൽ കാത്തിരിക്കുന്പോഴാണ് ചിന്തകളെ ഉണർത്തിയ ഒരു കാര്യം സംഭവിച്ചത്. ഏറെ നേരം കൂട്ടുകാർക്കൊപ്പം സംസാരിച്ചു നിന്നെങ്കിലും ലിഫ്റ്റ് മുകളിലേയ്ക്ക് വരുന്നില്ല. ഒടുവിൽ കൂടെയുണ്ടായിരുന്ന അഞ്ച് വയസുകാരിയായ ചെറിയ മകൾ ആ നേരത്ത് പതിയെ ആൾക്കൂട്ടത്തിനിടയിലൂടെ വന്ന് ലിഫ്റ്റിന്റെ ബട്ടൺ കഷ്ടപ്പെട്ട് അമർത്തിയപ്പോഴാണ് അതു വരെയായി ആരും ആ കർമ്മം ചെയ്തില്ലെന്ന് മനസിലാക്കിയത്. ഏറെ നേരം ഞങ്ങളൊക്കെ ഇതോർത്ത് ചിരിച്ചു. ജീവിതത്തിൽ പല കാര്യങ്ങളും ഇങ്ങിനെയാണ്. അവസരങ്ങളുടെ പടിവാതിൽക്കലായിരിക്കും നമ്മൾ നിൽക്കുന്നുണ്ടാകുക. എന്നാൽ ആ വാതിൽ തുറക്കാൻ നമ്മൾ മറന്നു പോകുന്നു. അല്ലെങ്കിൽ ചുറ്റും നടക്കുന്ന മറ്റു കാര്യങ്ങൾ കാരണം നമ്മുടെ ശ്രദ്ധ മാറിപോകുന്നു. നമ്മുടെ ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളിലും ഇത് സംഭവിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.
അത്തരമൊരു അവസരമാണ് ഇന്ത്യക്ക് മുന്പിൽ ഇനി വരുന്ന ദിവസങ്ങളിൽ കടന്നെത്തുന്നത്. അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദർശനമാണ് അത്. വലിയ നേട്ടങ്ങൾ ഒന്നും സമ്മാനിച്ചില്ലെങ്കിലും, ലോകം ഉറ്റുനോക്കുന്ന രണ്ട് ലോക രാജ്യങ്ങളുടെ നേതാക്കൾ പരസ്പരം കാണുന്പോൾ പൊതുസമൂഹം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ഇതാദ്യമായാണ് ഒരമേരിക്കൻ പ്രസിഡണ്ട് അധികാരത്തിലിരിക്കുന്പോൾ രണ്ട് തവണ ഇന്ത്യ സന്ദർശിക്കുന്നത്. ഇന്ത്യ അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയൊരു വിപണിയാണ്. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ തുടങ്ങിവെച്ച ആഗോളവത്കരണ നയങ്ങളുടെ തുടക്കം മുതൽ അമേരിക്ക ആ അവസരം നന്നായി തന്നെ ഉപയോഗിച്ചു വരികയാണ്. എന്നാൽ അതേ സമയം അമേരിക്കയുടെ സാധ്യതകൾ ഇപ്പോഴും ഇന്ത്യ ഉപയോഗിച്ചിട്ടില്ല എന്നതാണ് നമ്മൾ ഈ നേരത്ത് ഓർക്കേണ്ടത്.
ഇത്തവണയും ബരാക് ഒബാമ ഇന്ത്യയിൽ വരുന്പോൾ പതിവ് പോലെ ആവേശം ജനിപ്പിക്കുന്ന നിരവധി വാക്കുകൾ പറയും. വരാൻ പോകുന്ന നാളുകളിൽ ഇന്ത്യ ലോകത്തെ സൂപ്പർ പവർ ആകുമെന്ന് പറയും. ഒപ്പം ഇന്ത്യ ഏറെ കാലമായി സ്വപ്നം കാണുന്ന ഐക്യരാഷ്ട്ര സഭയിലെ അംഗത്വത്തിന് വേണ്ടി അമേരിക്കയുടെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യും. കാശ്മീരിലെയും, അഫ്ഗാനിസ്ഥാനിലെയും ഭീകരത അടിച്ചമർത്താൻ ഇന്ത്യയുടെ സഹായം തേടിയേക്കും. ഇന്ത്യയുടെ മഹത്തായ ജനാധിപത്യത്തെ വാനോളം വാഴ്ത്തും. എന്നാൽ ഇത്തരം പ്രസ്താവനകൾ മാത്രം പുറപ്പെടുവിച്ചാൽ നേരത്തേ സൂചിപ്പിച്ച പോലെ ലിഫ്റ്റിന് മുന്പിൽ അതിന്റെ സ്വിച്ച് അമർത്താതെ നിന്നതു പോലെയാകും ഇന്ത്യയും, ഇന്ത്യാ ഗവൺമെന്റും. ഇവിടെയാണ് വ്യത്യസ്തമായ നിലപാടുകൾ കേന്ദ്ര ഗവൺമെന്റ് സ്വീകരിക്കേണ്ടത്.
ഉദാഹരണത്തിന് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേയ്ക്ക് പഠനത്തിനായി പോകുന്ന ലക്ഷകണക്കിന് വിദ്യാർത്ഥികളുണ്ട്. എന്തു കൊണ്ട് നേരെ തിരിച്ചു സംഭവിക്കുന്നില്ല എന്നതായിരിക്കണം ഗവൺമെൻ്റിന്റെ ചിന്ത. അമേരിക്കൻ പൗരൻമാരായ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ പ്രാപ്തമായ സർവകലാശാലകൾ ഇന്ത്യ ഉണ്ടാക്കേണ്ടതുണ്ട്. അതുപോലെ ഇന്ത്യയിൽ ഇന്നും നാൽപത് കോടിയോളം ജനങ്ങൾക്ക് വൈദ്യുതി ലഭിക്കുന്നില്ല എന്നാണ് കണക്ക്. ഇവിടെ അമേരിക്കയുമായി സഹകരിച്ച് സൗരോർജ്ജപ്ലാന്റുകൾ നിർമ്മിക്കാൻ ഇന്ത്യക്ക് സാധിക്കേണ്ടതുണ്ട്. ഇന്ന് ഇന്ത്യയുടെ മൊത്തം ഊർജ്ജോത്പാദനത്തിൽ കേവലം ഒരു ശതമാനമാണ് സൗരോർജ്ജത്തിൽ നിന്ന് ഉണ്ടാക്കുന്നത്. ഇത് വർദ്ധിപ്പിച്ചാൽ രാജ്യത്തുണ്ടാക്കാൻ പോകുന്നത് വിപ്ലവാത്മകമായ മാറ്റമായിരിക്കും. അമേരിക്കയുമായി സഹകരിക്കാൻ പറ്റുന്ന മറ്റൊരു മേഖല ബഹിരാകാശ മേഖലയാണ്. മംഗൾയാന്റെ വിജയത്തോടു കൂടി ഇന്ത്യ ഈ രംഗത്ത് ഒരുപാട് മുന്പിലാണെന്ന് തെളിയിച്ചു കഴിഞ്ഞു. അമേരിക്ക പോലുള്ള രാജ്യങ്ങൾക്ക് വേണ്ട സാങ്കേതിക സഹകരണം ഇന്ത്യക്ക് നൽകാൻ സാധിച്ചാൽ രണ്ട് രാജ്യങ്ങൾക്ക് അത് ഏറെ ഉപകാരപ്പെടും. ഇത്തരത്തിൽ അമേരിക്കയുടെ സാധ്യതകളെ മനസിലാക്കി ഇന്ത്യ പ്രവർത്തിച്ചാൽ ഇനി വരുന്ന നാളുകളിലെങ്കിലും നേട്ടം ഒരു ഭാഗത്ത് മാത്രമായിരിക്കില്ല എന്നുറപ്പ്.
വാൽകഷ്ണം : ലിഫ്റ്റിന് വേണ്ടി കാത്തുനിൽക്കുന്പോൾ കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് ചോദിച്ച ഒരു കാര്യം ഇപ്പോഴും ചിരിപ്പിക്കുന്നുണ്ട്. ചോദ്യം ഇതായിരുന്നു, നമ്മുടെ നാട്ടിൽ എത്തിയാൽ ഒബാമയ്ക്കും കാണുമോ എമിഗ്രേഷൻ ചെക്കിംഗ്.? അടുത്ത മാസം ബഹ്റിൻ സന്ദർശിക്കാനിരിക്കുന്ന മുൻ ഇന്ത്യൻ രാഷ്ട്രപതി അബ്ദുൽകലാമിന്റെ മുഖമാണ് അപ്പോൾ ചിന്തയിൽ തെളിഞ്ഞ് വന്നത്!!
പ്രദീപ് പുറവങ്കര