ദുർബ്ബലതയുടെ ലോകം...
‘‘ഇത്തവണ ഞാൻ പൊങ്കൽ ആഘോഷിക്കുന്നില്ല. കാരണം പെരുമാൾ മുരുഗൻ മരണപ്പെട്ടതിൽ ഞാൻ അനുശോചിക്കുന്നു.’’ ഫേസ്ബുക്കിൽ ചെന്നൈയിലെ പത്രപ്രവർത്തകയായ സുഹൃത്തിന്റെ ആ വരികളിലെ പെരുമാൾ മുരുഗൻ ആരാണെന്നറിയാൻ ഗൂഗിളിന്റെ സഹായം തേടിയപ്പോൾ മറ്റൊരു ഫേസ് ബുക്ക് അപ്ഡേറ്റ്. അത് പെരുമാൾ മുരുഗന്റേതായിരുന്നു.
“പെരുമാൾ മുരുഗൻ എന്ന എഴുത്തുകാരൻ മരിച്ചു. ദൈവമല്ലാത്തതിനാൽ പുനർജന്മം ഉണ്ടാകില്ല. വിശ്വാസിയല്ലാ ത്തതിനാൽ പുനർജന്മത്തിൽ വിശ്വസിക്കുന്നുമില്ല. സാദാ സ്കൂൾ ടീച്ചർ പി മുരുഗനായി ജീവിക്കും. ജീവിക്കാൻ അനുവദിക്കുക”. ഇതായിരുന്നു ആ അപ്ഡേറ്റ്.
ഒരു പുസ്തകം എന്നത് മിക്ക എഴുത്തുകാർക്കും തന്റെ സ്വന്തം കുഞ്ഞിനെ പോലെ വില പിടിപ്പുള്ള ഒന്നാണ്. വാക്കുകളിൽ അയാൾ നിറയ്ക്കുന്നത് തന്റെ സ്വന്തം ആത്മാവിനെ തന്നെയാണ്. അയാളുടെ ചുറ്റുപ്പാടുകളാണ് മിക്കപ്പോഴും എഴുത്തുകളാകുന്നത്. എന്നാൽ അവിടെ സത്യസന്ധതയ്ക്ക് പകരം താൻ ആഗ്രഹിക്കുന്ന ഭാവനകൾ എഴുത്തുകാരൻ നിറയ്ക്കുന്പോൾ അത് തെറ്റിദ്ധരിക്കപ്പെടുന്നു. അത്തരമൊരു അവസ്ഥയിലാണ് നാമക്കൽ ഗവൺമെന്റ് കോളേജിലെ ഭാഷാ അദ്ധ്യാപകൻ കൂടിയായ പെരുമാൾ മുരുഗൻ. അദ്ദേഹത്തിന്റെ അർദ്ധനാരീശ്വരൻ (മധോരുഭഗൻ) എന്ന നോവലിനെതിരെ ഹിന്ദുത്വ സംഘടനകൾ പ്രതിക്ഷേധം ആരംഭിച്ചതോടെയാണ് മുരുഗൻ എഴുത്തു നിർത്തിയതായി പ്രഖ്യാപ്പിച്ചത്. തന്റെ പ്രസാധകരായ കാലചുവട്, നാട്രിനയ്, അടയാളം, മാലൈഗൾ, കായൽകവിൻ എന്നിവരോട് തന്റെ ചെറുകഥാസമാഹാരങ്ങളോ നോവലുകളോ കവിതകളോ മറ്റു പുസ്തകങ്ങളോ വിൽക്കരുതെന്നും പെരുമാൾ മുരുഗൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം പ്രസിദ്ധീകരിക്കാൻ ചെലവായ തുകയും വിറ്റുപോകാത്ത പുസ്തകങ്ങൾക്കുള്ള നഷ്ടപരിഹാരവും നൽകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. തിരുച്ചെങ്കോട് അർദ്ധനാരീശ്വരി ക്ഷേത്രത്തിൽ കുടുംബാംഗങ്ങളുടെ അനുമതിയോടെ നടന്നിരുന്നുവെന്ന് കരുതപ്പെടുന്ന ലൈംഗികബന്ധങ്ങൾ നോവലിൽ ചിത്രീകരിച്ചതാണ് പലരെയും ചൊടിപ്പിച്ചത്. കുട്ടികളില്ലാത്ത ദന്പതികളുടെ ദുഖം പ്രമേയമാക്കിയ നോവലായിരുന്നു ഇത്.
ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ ശബ്ദമയർത്തുന്നവരെ കൊണ്ട് ഈ ലോകം നിറയുകയാണ്. പാരീസിൽ നടന്ന കൂട്ടകൊല മുതൽ പെരുമാൾ മുരുകൻ വരെ ഇത്തരം അസഹിഷ്ണുതകളുടെ ഇരകളായിട്ടാണ് പൊതുവെ ലോകം വിലയിരുത്തുന്നത്. പക്ഷെ ഇതിന് ഒരു മറുവശവുമില്ലേ എന്ന ചിന്തയാണ് ഈ കുറിപ്പിന് കാരണം. ഒരു പുസ്തമിറക്കുന്നത് വിവാദങ്ങൾ ഉണ്ടാക്കണമെന്ന തോന്നലിൽ നിന്നാകുന്പോൾ അവിടെ യഥാർത്ഥ സാഹിത്യം ഉണ്ടാകുന്നുണ്ടോ എന്നതാണ് ആ ചിന്ത. പാരീസിൽ മുപ്പതിനായിരം കോപ്പികൾ പുറത്തിറക്കിയിരുന്ന ‘ഷാർലീ എബ്ദോ’ എന്ന പ്രസിദ്ധീകരണം തങ്ങളുടെ ജീവനക്കാരുടെ ദാരുണ അന്ത്യത്തിന്റെ പിറ്റേ ആഴ്ച തന്നെ വിറ്റഴിച്ചത് ലക്ഷകണക്കിന് കോപ്പികളാണ്. ഇതു പോലെ ‘‘ഞാൻ എഴുത്ത് നിർത്തി’’ എന്നു ഒരെഴുത്തുകാരൻ പറയുന്പോൾ അദ്ദേഹം എഴുതിയ കൃതികൾക്ക് ഡിമാൻഡ് കൂടുമെന്ന മനസ്സിലാക്കി സാഹിത്യരംഗത്തെ ബിസിനസുകാർ നടത്തുന്ന മാർക്കറ്റിങ്ങ് തന്ത്രമാണോ ഇപ്പോൾ പെരുമാൾ മുരുഗന്റെ കാര്യത്തിൽ സംഭവിക്കുന്നതെന്ന് സംശയമുണ്ട്. അതിന്റെ സത്യം കാലം തെളിയിക്കട്ടെ.
അതോടൊപ്പം മനസ്സിലാക്കേണ്ടത് ഇന്ന് എഴുത്തിന്റെ മേഖലയിൽ നഷ്ടമായിരിക്കുന്നത് നിരൂപണമെന്ന ക്രിയാത്മകമായ ഒരു സാഹിത്യശാഖയാണ് എന്ന കാര്യമാണ്. എഴുത്തുകാരനേയും, കലാകാരനേയും നിശിതമായി വാക്കുകളിലൂടെയും, എഴുത്തിലൂടെയും വിമർശിച്ച എത്രയോ നല്ല നിരൂപകർ നമുക്കുണ്ടായിരുന്നു. അവർ ഓരോ കലാരൂപത്തെയും ഇഴകീറി പരിശോധിച്ച് അതിന്റെ തെറ്റുകുറ്റങ്ങൾ മാലോകരോട് മുഖം നോക്കാതെ വിളിച്ചു പറഞ്ഞിരുന്നു. അന്ന് ശാരീരികമായുള്ള ആക്രമണങ്ങൾ നിരൂപകനും, എഴുത്തുകാരനും തമ്മിൽ ഉണ്ടായിട്ടില്ല. എന്നാൽ ഇന്ന് കാലം മാറിയിരിക്കുന്നു. എഴുത്തുക്കാരും നിരൂപകരും വളരെ ദുർബ്ബലരായിരിക്കുന്നു. പരസ്പരം പുകഴ്ത്തുവാനല്ലാതെ മറുത്തൊന്നും പറയാൻ സാധിക്കാത്ത വർഗ്ഗമായി ഇവർ മാറിയിരിക്കുന്നു. അവിടെയാണ് പലപ്പോഴും പരസ്പരം കയ്യൂക്കിന്റേയും, ഭീഷണിയുടേയും സ്വരം പുറത്ത് വരുന്നത്. ഇത് ആശങ്കപ്പെടുത്തുന്ന കാര്യം തന്നെ !!
പ്രദീപ് പുറവങ്കര