വേദനിപ്പിക്കുന്ന മാനസിക രോഗികൾ...
“സലീം കുമാർ നല്ലൊരു നടനായിരുന്നു. പാവം ഇത്ര പെട്ടെന്ന് അത് സംഭവിക്കുമെന്ന് കരുതിയില്ല”. കഴിഞ്ഞയാഴ്ച നമ്മളിൽ പലരും സ്വയം പറഞ്ഞ വാക്കുകളാണിവ. പ്രശസ്ത സിനിമാതാരവും, ദേശീയ പുരസ്കാര ജേതാവുമായ സലീം കുമാർ കരൾ രോഗത്തെ തുടർന്ന് അകാലത്തിൽ മരണപ്പെട്ടു എന്നതായിരുന്നു സോഷ്യൽ നെറ്റ് വർക്കുകളിൽ നിറഞ്ഞ വാർത്തകൾ. മണിക്കൂറുകൾക്കുള്ളിൽ തന്നെ വാർത്ത ശരിയല്ലെന്നും, ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെ അറിയിച്ചു. ഇത് ആദ്യമായിട്ടല്ല സലീം കുമാറിനെ കൊല്ലുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അഞ്ചോ ആറോ തവണ സ്വയം തന്റെ മരണവാർത്ത കണ്ടു എന്ന് അദ്ദേഹം പറയുന്നു. എന്തായാലും മരണ വാർത്തയിൽ തന്നെ മഹാനടനെന്ന് വിശേഷിപ്പിച്ച സന്തോഷത്തിലാണ് ഇപ്പോൾ സലീം കുമാർ. ഒപ്പം അദ്ദേഹം നേരിട്ട് തന്നെ പല മാധ്യമങ്ങളോടും താൻ ജീവനോടെ ഉണ്ടെന്ന കാര്യം അറിയിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. ഇതിന് മുന്പ് മറ്റൊരു സിനിമ താരമായ ജിഷ്ണു രാഘവന്റെ മോശം ആരോഗ്യത്തെ പറ്റിയുളള വാർത്തയും നമ്മൾ അറിഞ്ഞിരുന്നു. കഴുത്തിന് ചുറ്റും ട്യൂബുകൾ ഘടിപ്പിച്ച് കിടക്കുന്ന രീതിയിലാണ് ജിഷ്ണുവിന്റെ ചിത്രം പലയിടങ്ങളിലുമായി എത്തിയത്. ഒടുവിൽ അദ്ദേഹത്തിന് തന്നെ മുന്പ് താൻ അസുഖ ബാധിതൻ ആയിരുന്നെങ്കിലും നിലവിൽ താൻ പൂർണ ആരോഗ്യവാനാണെന്ന് പറയേണ്ടി വന്നു. കഴിഞ്ഞ ദിവസം സൂപ്പർ താരം മോഹൻലാൽ തന്നെയും തന്റെ കുടുംബത്തെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഫെയ്‌സ്ബുക്ക് പേജുകൾക്കെതിരെയും വാട്സ് ആപ്പ് ഗ്രൂപ്പുകൾക്കെതിരെയും നിയമനടപടി സ്വീകരിക്കുന്ന വാർത്തയും ഈ പശ്ചാത്തലത്തിൽ ഓർക്കേണ്ടതാണ്.
ഇത് ഒരു പുതിയ ട്രെൻഡാണ്. ആരെ വേണമെങ്കിലും അവഹേളിക്കാനും, കളിയാക്കാനും സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്ന ഒരു തരം മാനസിക വൈകൃതം. അത് മിമിക്രി പോലെയൊ, കാർട്ടൂണുകൾ പോലെയോ അല്ല. ഇത്തരം കലാരൂപങ്ങൾ ചെയ്യുന്നവർക്ക് വ്യക്തമായ മേൽവിലാസമെങ്കിലും ഉണ്ട്. പക്ഷെ തെറ്റായ വാർത്തകളും, ചിന്തകളും സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നവർ ആരെന്നോ, എവിടെ നിന്ന് വരുന്നുവെന്നോ സാധാരണക്കാരായ ആർക്കും മനസിലാകുന്നില്ല. ചിന്തകൾക്ക് യാതൊരു ഇടവുമില്ലാതെ തോന്നുന്ന രീതിയിൽ ആരുടെയും വ്യക്തിപരമായ കാര്യങ്ങളിൽ പോലും കയറി ഇടപെടുന്ന ഒരു തരം ഭ്രാന്തന്മാരുടെ വർഗ്ഗമാണ് ഇത് ചെയ്യുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ മഹാത്മഗാന്ധിയെ ജീൻസും ടീഷർട്ടും ഇട്ട് ന്യൂ ജനറേഷനാക്കിയും, പാണ്ടികടവത്ത് കുഞ്ഞാലികുട്ടിയെ ആമിർഖാന്റെ സിനിമ പോസ്റ്ററിലേത് പോലെ തുണിയില്ലാതെ നിർത്തുന്നതും ഒക്കെ ഇതിന്റെ ഭാഗമാണ്. ഇവർക്ക് നല്ല ചികിത്സ തന്നെ വേണം.
പ്രശസ്തരും, പ്രഗത്ഭരുമായ വ്യക്തികളെ പറ്റി അറിയാൻ പൊതുസമൂഹത്തിന് എന്നും കൗതുകമുണ്ട്. ഈ ആഗ്രഹത്തിനെയാണ് ഇത്തരം മാനസിക രോഗികൾ ചൂഷണം ചെയ്യുന്നത്. ഇന്ന് പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന ആരും തന്നെ ഒരു പനി വന്ന് ആശുപത്രിയിൽ പോയാൽ അവിടെയുള്ള ഏതെങ്കിലും ഒരു മാനസിക രോഗി അയാളെ ലിവർസിറോസിസോ, കൂടി വന്നാൽ എയ്ഡ്സോ ഉള്ള രോഗിയാക്കി മാറ്റി കളയും. അതിന് വേണ്ട ഉപകരണം ഒരു സ്മാർട്ട് ഫോൺ മാത്രമാണ്. പ്രശസ്തനായ ഒരാളെ ഒരു സ്ത്രീക്കൊപ്പം കണ്ടാലും ഇതേ പ്രശ്നമാണ് ഉണ്ടാകുന്നത്. ഉടനെ തന്നെ അവരുടെ ഫോട്ടോ എടുത്ത് ‘‘കണ്ടോ ഒരു മാന്യൻ’’ എന്ന രീതിയിൽ വാർത്ത പരത്തി കളയും ഇക്കൂട്ടർ.
സാങ്കേതികതയുടെ അമിതമായ ഉപയോഗമാണ് ഇന്ന് നമ്മൾ നടത്തുന്നത്. ഇതിൽ ഏറ്റവും അപകടരമായ പല കാര്യങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. എപ്പോഴാണ് ഒരു എക്സ്ക്ലൂസീവ് വീണു കിട്ടുക എന്നറിയാത്തത് കൊണ്ട് ഇന്ന് പലരുടേയും മൊബൈൽ ഫോണിലെ വീഡിയോ, ഓഡിയോ റെക്കോർഡിംഗുകൾ എന്നും ഓൺ മോഡിലാണ്. കിട്ടുന്ന ദൃശ്യങ്ങളും, ശബ്ദങ്ങളും പൊടിപ്പും തൊങ്ങലും വെച്ച് മാലോകരിലേയ്ക്ക് എത്തിക്കാനാണ് ഇവരുടെ ശ്രമം. അത് കൊണ്ട് തന്നെ സൂക്ഷിച്ചും കണ്ടും മാത്രം സംസാരിക്കാനും, പ്രവർത്തിക്കാനും പഠിക്കേണ്ട കാലമാണിത്.
വാൽകഷ്ണം : കഴിഞ്ഞ ദിവസം വാട്സ് ആപ്പിൽ ഒരു ചെറുപ്പക്കാരനെ മർദ്ദിച്ച് അവശനാക്കുന്ന ചിത്രം വന്നു. അടികുറിപ്പായി നൽകിയത് ഒരു ഗൾഫുകാരന്റെ ഭാര്യയെ വഴിപിഴപ്പിച്ചവൻ എന്നായിരുന്നു. ഒപ്പം നാട്ടുകാർ പെരുമാറുന്നുവെന്നും. ആ ചിത്രം കണ്ട ഗൾഫുകാർക്കൊക്കെ തീർച്ചയായും ചോര തിളച്ചിരിക്കും. എന്നാൽ ഇന്ന് രാവിലെ അതേ ചിത്രത്തിനെ പറ്റി കൂടുതൽ വ്യക്തത കിട്ടി. പ്രമുഖ പത്രത്തിലാണ് ഇതിനെ പറ്റി വാർത്ത വന്നത്. ആ നാട്ടിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിലാണ് ഈ ചെറുപ്പകാരന് മർദ്ദനമേറ്റതത്രെ. ചിന്തിക്കേണ്ട കാര്യം ഈ ചെറുപ്പക്കാരനെ അറിയുന്ന പലർക്കും, അറിയാത്ത നിരവധി പേർക്കും ആദ്യത്തെ ചിത്രം കാരണം അദ്ദേഹത്തെ പറ്റി വളരെ മോശമായ ഒരു അഭിപ്രായമായിരിക്കും ഉണ്ടാകാൻ പോകുന്നത്. രണ്ടാമത്തെ ചിത്രം കിട്ടാത്തവർക്ക് ആ അഭിപ്രായം ജീവിതാന്ത്യം വരെ നില നിൽക്കുകയും ചെയ്യും. ഒരു പത്രമോ, ചാനലോ ആണ് ഇത് നൽകിയതെങ്കിൽ നിയമപരമായിട്ടെങ്കിലും അവർക്കെതിരെ പരാതി കൊടുക്കാൻ എളുപ്പമാണ്. എന്നാൽ കള്ളനോട്ട് കൈമാറുന്നത് പോലെ ഒരു ചിത്രത്തെ കൈമാറിയ ബുദ്ധികേന്ദ്രത്തെ തിരിച്ചറിയാൻ ഏറെ ബുദ്ധിമുട്ടാണ്. ഇവിടെ നഷ്ടപ്പെടുന്നത് ഒരു ചെറുപ്പക്കാരന്റെ ഭാവി ജീവിതം മാത്രം... ചിന്തനീയമാണ് ഈ അവസ്ഥ !!
പ്രദീപ് പുറവങ്കര