പട്ടം പോലെ...
നാല് ദിവസങ്ങൾക്ക് മുന്പ് പ്രവാസികളുടെ സമ്മേളനത്തിനായി അഹമ്മദാബാദിൽ എത്തിയപ്പോൾ മുതൽ ഏറ്റവുമധികം എന്റെ ശ്രദ്ധയാകർഷിച്ചത് അവിടെയുള്ള ഇരുചക്രവാഹനങ്ങളുടെ ഹാൻഡിലിൽ ഘടിപ്പിച്ച യു മാതൃകയിലുള്ള കന്പിയായിരുന്നു. ആദ്യം കരുതിയത് പൊടി മുഖത്തേക്കടിക്കാതിരിക്കാൻ ഗ്ലാസ്സ് ഘടിപ്പിക്കുന്ന ഒരു കന്പിയായിരിക്കാം ഇത് എന്നായിരുന്നു. പിന്നീട് ടാക്സി ഡ്രൈവർ ജഗദീഷാണ് കാര്യങ്ങൾ വിശദീകരിച്ചത്.
ജനുവരി മാസം പിറക്കുന്പോൾ മുതൽ രാജസ്ഥാനിലും, ഗുജറാത്തിലും പ്രത്യേകിച്ച് അഹമ്മദാബാദിലെ ആകാശത്ത് പട്ടങ്ങൾ പറക്കാൻ തുടങ്ങും. ചെറുത് മുതൽ വളരെ വലുത് വരെ ഈ കൂട്ടത്തിൽ ഉണ്ടാകും. ഇവിടെ ഉത്തരായനം എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. എല്ലാ വർഷവും മകരസംക്രാന്തി നാളിനോടനുബന്ധിച്ച് ജനുവരി പതിനാലിനാണ് ഈ പട്ടം പറത്തൽ ഉത്സവം നടക്കാറുള്ളത്. 300 വർഷത്തോളം പഴക്കമുള്ളതാണ് ഈ ആചാരം. കാലവർഷം പെയ്തിറങ്ങുന്നതിന്റെ സൂചനയായിട്ടാണത്രെ ഇത് ആരംഭിച്ചത്. പട്ടം പറക്കുന്പോൾ കാറ്റിന്റെ ദിശയറിയാൻ കർഷകർക്ക് സാധിക്കുമെന്നതാണ് ഇതിന്റെ കാരണം. ഇതിന് മുന്നോടിയായി ഗുജറാത്തിലെ വീടുകളിൽ ഒരു മാസം മുന്പെ പട്ടം നിർമ്മാണം ആരംഭിക്കും. അന്പത് രാജ്യങ്ങളിൽ നിന്നുവരെയുള്ള ആളുകൾ ഈ ഉത്സവത്തിൽ പങ്കെടുക്കും. അഹമ്മദാബാദ് അറിയപ്പെടുന്നത് തന്നെ പട്ടങ്ങളുടെ തലസ്ഥാനമെന്നാണ്്. ആയിരക്കണക്കിന് പട്ടങ്ങളാണ് ഇവിടെ ഈ നാളുകളിൽ വിറ്റഴിക്കപ്പെടുന്നത്. ഇതിനായി പട്ടാംഗ് ബസ്സാർ എന്നൊരു മാർക്കറ്റ് തന്നെ അഹമ്മദാബാദിലുണ്ട്.
പട്ടങ്ങൾ ആകാശത്ത് പാറി പറക്കുന്നത് മനോഹരമായ ദൃശ്യം തന്നെയാണെന്ന് ജഗദീഷിനോട് പറഞ്ഞപ്പോഴാണ് അത് അത്ര നല്ല കാര്യമല്ലെന്ന വസ്തുത അദ്ദേഹം പറഞ്ഞു തന്നത്. കാണാൻ നല്ല ചന്തമൊക്കെയുണ്ടെങ്കിലും നിരവധി പേരുടെ ജീവന് ഭീഷണിയാണത്രെ ഈ പട്ടം പറത്തൽ ഉത്സവം. ഇവിടെ പട്ടം നിർമ്മിക്കുന്നത് വളരെയേറെ മൂർച്ച കൂടിയ ചൈനീസ് നൂലുപയോഗിച്ചാണ്. ഓരോ ഉത്തരായന ഉത്സവത്തിലും നിരവധി പക്ഷികൾക്കാണ് ഈ നൂല് കാരണം ജീവൻ നഷ്ടപ്പെടുന്നത്. പലപ്പോഴും ഇരുചക്രവാഹനമോടിക്കുന്ന മനുഷ്യർക്കും ഇത് ഭീഷണിയാകാറുണ്ട്. ഹെൽമെറ്റ് വെച്ചാൽ പോലും കഴുത്തിന് നേരെ പാഞ്ഞടുക്കുന്ന കൊലക്കയറായി ഈ പട്ടത്തിന്റെ നൂലുകൾ മാറും. ഇത്രയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ചൈനീസ് നൂലുകളെ ഔദ്യോഗികമായി ഗവൺമെന്റ് നിരോധിച്ചിട്ടുണ്ടെങ്കിലും, മാർക്കറ്റിൽ ഇത് ലഭ്യമാണത്രെ. ഈ നൂലിനെ നേരിടാനാണ് ഇരുചക്രവാഹനങ്ങളുടെ കൈപിടിയിൽ യു ആകൃതിയിൽ ഒരു കന്പി വളച്ചു കെട്ടുന്നത്. പാറിവരുന്ന കൊലയാളി നൂലുകൾ ഈ കന്പിയിൽ കുടുങ്ങി നിൽക്കും. പട്ടം പറത്തലിന് ഇത്ര മാത്രം അപകടസാധ്യതയുണ്ടെങ്കിലും ഇവിടെയുള്ള പലരും ഇതിനെ തമാശ രീതിയിലാണ് കാണുന്നത്. നൂല് തട്ടി ആളുകളുടെ കഴുത്ത് മുറിഞ്ഞ് ചോര ഒഴുകുന്നത് ഈ നേരത്ത് സാധാരണയാണെന്ന് ജഗദീഷ് പറഞ്ഞപ്പോൾ പട്ടം പറത്താൻ ഇതുവരെ സാധിക്കാത്ത, കേവലം ഒരു സ്വപ്നം പോലെ അതിനെ കണ്ടിരുന്ന എനിക്ക് പട്ടത്തിനോട് തന്നെ വെറുപ്പ് വന്നു പോയി.
പലതും ഇങ്ങിനെയാണ്. ആകാശത്ത് ഉയർന്ന് പൊങ്ങി പട്ടം പറക്കുന്പോൾ നമ്മുടെ മനസ് ആ ദൃശ്യത്തിന് പിന്നാലെ പോകും. എന്നാൽ പട്ടത്തിനെ നിയന്ത്രിക്കുന്നയാളിനേയോ, അതിനെ കെട്ടിയിട്ടിരിക്കുന്ന കൊലയാളി നൂലിനെയോ നമ്മൾ കണ്ടെന്ന് വരില്ല. ചിലപ്പോൾ നമ്മൾ പോലുമറിയാതെ നമ്മുടെ കഴുത്ത് മുറിച്ച് ചോര ചീറ്റിക്കുന്പോഴാണ് ആ സുന്ദരമായ പട്ടത്തിന്റെ പിന്നിലുള്ള ക്രൗര്യം നമ്മൾ തിരിച്ചറിയുക. ഇത് തന്നെയാണ് പ്രവാസി ഭാരതീയ സമ്മേളനം ബാക്കി വെക്കുന്ന ചിന്തകൾ. ആകെമൊത്തം കാണുവാൻ ഒരു ഭംഗി ഉണ്ട്, പക്ഷെ...എവിടെയോ ഒരു നൂൽകഷ്ണം പാറി വരുന്നുണ്ടോ എന്നൊരു സംശയം...
വാൽകഷ്ണം: ജീവിതത്തിൽ ചിലപ്പോഴെങ്കിലും കൊലയാളിനൂലുകളെ മുറിച്ച് മാറ്റി, ഒരു ചരടില്ലാ പട്ടം പോലെ മനസ്സിനെ അഴിച്ചു വിടണം. പോകാൻ കൊതിക്കുന്നിടങ്ങളിൽ പാറി പറന്ന് അത് തിരിച്ചു വരട്ടെ. അതുവരേക്കും നമുക്ക് കാത്തിരിക്കാം, ഒന്നു പറയാതെ, മുന്പിൽ ഒരു യു മാതൃകയിൽ തിരിച്ചു വെച്ച കന്പിയുമായി !!
പ്രദീപ് പുറവങ്കര