തിരിച്ചറിയേണ്ടുന്ന കള്ള നാണയങ്ങൾ
സൂര്യൻ അസ്തമിക്കാത്ത ഒരു സാമ്രാജ്യത്തെ അഹിംസ എന്ന മന്ത്രം കൊണ്ട് പരാജയപ്പെടുത്തിയ ഒരു മഹാത്മാവ് താമസിച്ചിരുന്ന സബർമതിയുടെ തീരത്തിരുന്ന് ഈ കുറിപ്പ് എഴുതുന്പോൾ ചുറ്റും നടക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ എന്തോ എന്റെ മനസ്സിനെ തീരെ ഭയപ്പെടുത്തുന്നില്ല.
പേനയെ, പെൻസിലിനെ, അക്ഷരങ്ങളെ ഭയക്കുന്ന ചിലർ നടത്തുന്ന കാട്ടാള സ്വഭാവത്തെ ഭീരുത്വം എന്നല്ലാതെ എന്ത് വിളിക്കാൻ. ഭയം ബാധിച്ചിരിക്കുന്ന ആർക്കും ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് കൊലപാതകം. പാരിസിൽ അത് മാത്രമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഒരു വിശ്വാസവും, മതവും ആരെയും കൊല്ലാൻ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ആ സത്യങ്ങളെ മറച്ചു പിടിച്ചു കൊണ്ട് എത്ര നല്ല സിദ്ധാന്തങ്ങളേയും മനുഷ്യനെ ഭയപ്പെടുത്തുന്നതാക്കി മാറ്റുന്നതിൽ വാസ്തവത്തിൽ മനുഷ്യരിൽ മനുഷ്യത്വം നഷ്ടമായ ചിലരെങ്കിലും വിജയിക്കുന്നു. ഇവരെ ഒറ്റ വാക്കിൽ ഭ്രാന്തന്മാർ എന്നല്ലാതെ എന്ത് വിളിക്കാൻ.
ലോകമുണ്ടായ കാലം മുതൽക്ക് തന്നെ സത്യാന്വേഷകർക്ക് നേരെ ഇത്തരം ഭ്രാന്തന്മാരുടെ നിരന്തര ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഏതൊരു പ്രവാചകനും അവന്റെ ജീവിതകാലയളവിന്റെ വലിയൊരു ഭാഗം നേരിടേണ്ടി വന്നത് ഇത്തരം എതിർപ്പുകളായിരുന്നു. അന്ന് അവർക്ക് നേരെ കല്ലെറിഞ്ഞവരും, ഇല്ലാതാക്കാൻ ശ്രമിച്ചവരുമൊക്കെ കാലത്തിന്റെ ചവറ്റുകൊട്ടയിലേയ്ക്ക് എടുത്തെറിയപ്പെട്ടു. അവർ സ്വയം ഇല്ലാതായി. എന്നാൽ അവർ എടുത്തെറിയാൻ ശ്രമിച്ച, മനുഷ്യനന്മ ആഗ്രഹിച്ചവർ നൂറ്റാണ്ടുകളായി നമ്മുടെ ഹൃദയത്തിനുള്ളിൽ കൂടുതൽ തിളക്കത്തോടെ ജീവിക്കുന്നു. ഭ്രാന്തന്മാരായ ഈ ഭീരുക്കൾക്ക് ഏറ്റവും കൂടി വന്നാൽ ചെയ്യാൻ സാധിക്കുന്നത് സത്യാന്വേഷകരെ ശാരീരികമായി ഇല്ലായ്മ ചെയ്യുക എന്നത് മാത്രം. ഈ കൊലപാതകങ്ങളാണ് വലപ്പോഴും സാധാരണക്കാരായ മഹത്തുക്കളെ പോലും ഈ ലോകത്തിനു പരിചയപ്പെടാനുള്ള പ്രചോദനം നല്കിയത് എന്ന് ഈ മൂഢന്മാർ മനസിലാക്കുന്നില്ല. കേവലം മനുഷ്യശരീരത്തെയല്ല, ഈ ലോകം ബഹുമാനിക്കുന്നതും, ആദരിക്കുന്നതും ലോകം നോക്കുന്നതും അവന്റെയുള്ളിലെ അന്തരാത്മാവിനെയാണെന്ന കാര്യവും ഇവർ തിരിച്ചറിയുന്നില്ല.
പിഞ്ചുകുഞ്ഞുങ്ങളെ മുതൽ വൃദ്ധന്മാർ വരെയുള്ളവരെ നിർദാക്ഷിണ്യം കൊന്നു തള്ളുന്ന ഈ ഭ്രാന്തന്മാർക്ക് (മൃഗങ്ങൾ എന്നു വിളിക്കുന്നത് അവരിൽ പോലും ലജ്ജയുണ്ടാക്കും എന്ന് കരുതിയാണ്) ഏതു ൈദവമാണ് മനസമാധാനം നല്കുക. ഇവർക്ക് എവിടെയാണ് സ്വസ്ഥത ലഭിക്കുക? സമൂഹത്തിലെ ഈ വിപത്തിനെ ഇല്ലാതാക്കാൻ ഗാന്ധിജിയിലേയ്ക്ക് മാനവകുലം തിരിച്ചെത്തേണ്ടിയിരിക്കുന്നു. സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു ലോകസമൂഹം ഇവിടെ ഉയർന്നു വരേണ്ടിയിരിക്കുന്നു.
സാംസ്കാരിക അധിനിവേശവും സാന്പത്തിക ചൂഷണവുമാണ് മനുഷ്യന്റെ ശാപമെന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു. ഹിംസയിൽ നിന്ന് അഹിംസയിലേക്ക് എത്തുന്പോഴാണ് മനുഷ്യമനസ് സംസ്കരിക്കപ്പെടുന്നത്. ആ സംസ്കാരം വീണ്ടെടുക്കേണ്ടതുണ്ട്. മാർഗ്ഗത്തെ വിത്തിനോടും ലക്ഷ്യത്തെ മരത്തിനോടും ഉപമിച്ച വ്യക്തിയാണ് മഹാത്മാവ്. ഇന്ന് ലക്ഷ്യം മാത്രമേയുള്ളൂ. മാർഗ്ഗം ഏതുമാകാം എന്ന നില വന്നിരിക്കുന്നു. കുറ്റം ചെയ്യുന്നതിനേക്കാൾ അതികഠിനമാണ് കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്ന മാനസിക അവസ്ഥയെന്ന് ഗാന്ധിജി തന്നെ പറഞ്ഞിട്ടുണ്ട്. ഹിംസ ചെയ്യാതിരിക്കൽ മാത്രമല്ല അഹിംസ, അതിനു പ്രേരിപ്പിക്കാതിരിക്കുന്നത് കൂടിയാണ്.
മഹാത്മാഗാന്ധിയെ വർഗ്ഗീയവാദി എന്നും രാജ്യദ്രോഹി എന്നും വിളിക്കുന്നവരുള്ള നാടായി നമ്മുടെ നാടും മാറുന്പോൾ പച്ച മനുഷ്യന്റെ വേദനകൾ ടെലിവിഷനിലൂടെ, കണ്ട് അത് ട്വിറ്റുകളായും ഫേസ് ബുക്ക് സ്റ്റാറ്റസുകളായും രേഖപ്പെടുത്തി വിവാദങ്ങൾ ഉണ്ടാക്കി, അതു വിറ്റ് കാശാക്കി പൊടി തട്ടി പോകുന്ന കള്ളനാണയങ്ങളെയാണ് സമൂഹം ആദ്യം സൂചിപ്പിച്ച ഭ്രാന്തന്മാരെക്കാൾ ഏറെ, ഭീരുക്കളേക്കാൾ ഏറെ ഭയക്കേണ്ടത്. കാരണം ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർക്ക് വ്യക്തമായി തന്നെ അറിയാം. മറ്റുള്ളവർക്ക് അതറിയില്ല!!
പ്രദീപ് പുറവങ്കര