മഴയിൽ കുതിരുന്ന പൊട്ടാസുകൾ...

പ്രദീപ് പുറവങ്കര
എഴുത്ത് ജീവിതോപാധിയായത് കൊണ്ടും, താൽപ്പര്യമുള്ള വിഷയമായത് കൊണ്ടും അതുമായി ബന്ധപ്പെട്ട പല ചടങ്ങുകളിൽ ഇടയ്ക്കിടെ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിക്കാറുണ്ട്. അക്ഷരങ്ങൾ ചിലരെയെങ്കിലും വല്ലാതെ പൊള്ളിക്കുന്നവയാണെന്ന് തിരിച്ചറിയാനും ഈ കാലത്ത് സാധിച്ചിട്ടുണ്ട്. പൊള്ളലിന്റെ മൂർച്ച കൂടുന്പോൾ ഭീഷണികളുടെ വ്യാപ്തിയും എണ്ണവും കൂടും. അത്തരം രണ്ട് ഭീഷണികളെ പറ്റി കേരളം ഇന്ന് ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. കേരള വർമ്മ കോളേജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ സൂഫി പറഞ്ഞ കഥയുടെ എഴുത്തുകാരൻ കെ.പി രാമനുണ്ണിയ്ക്കും നേരെയാണ് ഭീഷണി. ഭീഷണി ഉയർന്നിരിക്കുന്നത് ഒരു നാണയത്തിന്റെ രണ്ട് വശങ്ങളിൽ നിന്നുമാണ്. നാണയത്തിന്റെ പേര് മതമൗലീകവാദം.
കേരള വർമ്മ കോളേജിൽ എസ്.എഫ്.ഐ സംഘടിപ്പിച്ച ഒരു ചടങ്ങിൽ എം.എഫ് ഹുസൈന്റെ വിഖ്യാതമായ സരസ്വതി പെയിന്റിംഗ് ഉൾപ്പെടുത്തി ഫ്‌ളക്‌സ് വെച്ചതിനിതിരെ ഉണ്ടായ എതിർപ്പുകളെ വിമർശിച്ച് എഴുതിയതാണ് ഒരു നഗ്നചിത്രത്തിൽ ദീപയുടെ തല ഫോട്ടോഷോപ്പ് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ ഒരാളെ പ്രേരിപ്പിച്ചത്. തുടർന്ന് ദീപയുടെ കുടുംബാംഗങ്ങൾക്ക് നേരെയും മക്കൾക്ക് നേരെയും ആക്രമണം നടത്തണമെന്നാണ് ഇതിനെ തുടർന്ന് ആഹ്വാനങ്ങളായി ഫേസ്ബുക്കിൽ നിറഞ്ഞ ഭീഷണികൾ. പഠിക്കുന്ന കുട്ടികളെ ശാരീരികമായി അല്ലെങ്കിൽ മാനസികമായി പീഡിപ്പിക്കണമെന്നാണ് ആവശ്യം. മാതാപിതാക്കളെ പെരുവഴിയിൽ തുണിയഴിച്ച് അപമാനിക്കണമെന്നും, നൂറ് രൂപയ്ക്ക് വേണ്ടി ആരെയും കൊല്ലാൻ തയ്യാറുള്ള ബിഹാറികൾ ഈനാട്ടിലുണ്ടെന്നും ഓർമ്മിപ്പിച്ചുകൊണ്ടാണ് ആ ഭീഷണി അവസാനിപ്പിക്കുന്നത്. ഈ ഒരു വാർത്തയ്ക്ക് പിന്നാലെയാണ് കെ.പി രാമനുണ്ണിയ്ക്ക് നേരെയുള്ള ഭീഷണിയുടെ വാർത്തയും പുറത്തുവന്നത്. അദ്ദേഹം എഴുതുന്ന ലേഖനങ്ങൾ മുസ്്ലിങ്ങൾക്ക് അനുകൂലമെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്പോഴും അതെല്ലാം അടവുകളാണെന്നാണ് കത്തിലെ ആരോപണം. നിഷ്‌കളങ്കരായ മതവിശ്വാസികളെ വഴിതെറ്റിക്കുന്നതാണ് അവയെന്നും അതിനാൽ യാതൊരു ദാക്ഷിണ്യവും കാണിക്കാൻ തയ്യാറല്ലെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു. കോളേജ് അദ്ധ്യാപകൻ ടി.ജെ ജോസഫിനെ ചെയ്തതുപോലെ എഴുതിയ വലതുകൈ വെട്ടിയെടുക്കുമെന്നാണ് ഭീഷണി. ഇടതുകാലും വെട്ടിക്കളയുമെന്നും ഭീഷണിയുണ്ട്. മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കാൻ ആറ് മാസത്തിനുള്ളിൽ മുസ്്ലിമായി മാറണമെന്നാണ് ആവശ്യം. മതം മാറിയില്ലെങ്കിൽ ഈ ശിക്ഷവിധി ഞങ്ങൾ നടപ്പാക്കുക തന്നെ ചെയ്യുമെന്നാണ് കത്തിലെ ഭീഷണി.
എഴുത്തിനെയും ചിന്തയെയും അതേ തലത്തിൽ നിന്ന് കൊണ്ട് എതിർത്തിട്ടുള്ള സംസ്കാരമാണ് കേരളത്തിന് ഉള്ളത്. അത് മാറ്റി മറിച്ച് അവരുടെ നേരെ വധഭീഷണി ഉയർത്തുകയും, ഭയപ്പെടുത്തുകയും ഒക്കെ ചെയ്യുന്നത് തനി ഭീരുക്കൾക്ക് മാത്രം ചേരുന്ന പണിയാണ് എന്ന് പറയാതിരിക്കാൻ വയ്യ. എഴുത്തുകാരുടെയും ചിന്തകരുടെയും വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളും ചിന്താശേഷിയുള്ള ഒരു സമൂഹത്തിന് ആവശ്യമാണ്. ആരോഗ്യകരമായ സാമൂഹിക വളർച്ചയ്ക്ക് ഈ ചിന്തകളെ ഭീഷണിപ്പെടുത്തി തടയിടാമെന്ന് വിചാരിക്കുന്നത് വെറും മണ്ടത്തരവുമാണെന്ന് ഓർമ്മിപ്പിക്കട്ടെ!!