രാമകഥാമൃതം - ഭാഗം 5

എ. ശിവപ്രസാദ്
സീതാസ്വയംവരം കഴിഞ്ഞ് അയോധ്യയിലെത്തിയ രാമലക്ഷ്മണന്മാരും ദശരഥനും സന്തോഷത്തോടു കൂടി രാജ്യഭരണം നടത്തി. ആയിടയ്ക്കാണ് ശ്രീരാമചന്ദ്രനെ യുവരാജാവായി വാഴിക്കണം എന്ന ആഗ്രഹം ദശരഥ മഹാരാജാവിന്റെ ഉള്ളിൽ വളർന്നു വന്നത്. ദശരഥൻ രാജഗുരുവായ വസിഷ്ഠനെയും മറ്റ് മന്ത്രിമാരെയും വിളിച്ചു വരുത്തി തന്റെ ആഗ്രഹം അറിയിച്ചു. ഇതുകേട്ട വസിഷ്ഠമുനിയും മറ്റുള്ളവരും അതീവ സന്തുഷ്ടരായി. എന്നാൽ പിന്നെ ഏറ്റവും അടുത്ത മുഹുർത്തത്തിൽ തന്നെ അഭിഷേക കർമ്മം നടത്താമെന്ന് അവർ തീരുമാനിച്ചു.
ശ്രീരാമേദേവനെ യുവരാജാവായി വാഴിക്കാൻ പോകുന്നു എന്ന വാർത്ത കോസലരാജ്യത്ത് കാട്ടു തീ പോലെ പരന്നു. ജനങ്ങളെല്ലാവരും ആഹ്ലാദത്തിമർപ്പിലായി. കാരണം അവർ ശ്രീരാമനെ അത്രമേൽ സ്നേഹിച്ചിരുന്നു. അയോധ്യാ നഗരി മുഴുവൻ ദീപങ്ങളാലും കൊടി തോരണങ്ങളാലും അലംകൃതമായി. ആബാല വൃദ്ധം ജനങ്ങളും ആഘോഷപരിപാടികൾക്കുള്ള തയ്യാറെടുപ്പ് തുടങ്ങി. അഭിഷേക ചടങ്ങുകൾ നടത്താനായി മുനിശ്രേഷ്ഠന്മാരും മറ്റ് വിശിഷ്ട വ്യക്തികളും അയോധ്യയിലെത്തിത്തുടങ്ങി. കൗസല്യയും കൈകേയിയും സുമിത്രയും അത്യധികം സന്തോഷത്തിലായിരുന്നു. കാരണം ശ്രീരാമൻ അവർക്ക് മൂന്ന് പേർക്കും സ്വന്തം പുത്രനെപ്പോലെയായിരുന്നു. അയോധ്യാനഗരം ശ്രീരാമന്റെ യുവരാജാവായുള്ള അഭിഷേകത്തിന് ഒരുങ്ങി.
അഭിഷേകത്തിന്റെ തലേദിവസമായി. അന്ന് കൈകേയിയുടെ ദാസിയായിരുന്ന മന്ദാര കൈകേയിയുടെ മുറിയിലെത്തി. മന്ദാരയോട് കൈകൈയി ശ്രീരാമന്റെ രാജാഭിഷേക വൃത്താന്തങ്ങളെല്ലാം പറഞ്ഞു. പക്ഷെ മന്ദാരയുടെ മുഖത്ത് ഒരുതരം വിഷാദമാണ് കൈകേയിക്ക് കാണാൻ കഴിഞ്ഞത്. കാരണന്വേഷിച്ച കൈകേയിയോട് ശ്രീരാമനു പകരം സ്വന്തം പുത്രനായ ഭരതനെ യുവരാജാവായി വാഴിക്കണം എന്ന് മന്ദാര പറഞ്ഞു. എന്നാൽ ശ്രീരാമനാണ് ദശരഥ പുത്രരിൽ മൂത്തതെന്നും മാത്രമല്ല എന്തുകൊണ്ടും യോഗ്യനെന്നും കൈകേയി പറഞ്ഞു. എന്നാൽ മന്ദാര വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ഭരതനെ യുവരാജാവാക്കിയാൽ കൗസല്യക്ക് രാജാമാതാവെന്ന പദവി ലഭിക്കുമെന്നും അല്ലെങ്കിൽ അയോധ്യയിൽ ഒരു ദാസിയെപ്പോലെ കഴിയേണ്ടി വരുമെന്നും മറ്റും മന്ദാര പറഞ്ഞു. ആദ്യമൊന്നും മന്ദാരയുടെ വാക്കുകൾക്ക് കൈകേയിയിൽ ഒരു മാറ്റവും വരുത്തിയില്ലെങ്കിലും മന്ദാരയുടെ തുടർച്ചയായ വാക്കുകൾ കൈകേയിയുടെ മനസിൽ ചാഞ്ചാട്ടമുണ്ടാക്കി. ക്രമേണ ഭരതനെ യുവരാജാവായി വാഴിക്കണമെന്ന ചിന്ത കൈകേയിയിൽ രൂഢമൂലമായി. മാത്രമല്ല, ഈ ആവശ്യം ദശരഥന് മുന്നിൽ അവതരിപ്പിക്കാൻ തീരുമാനിച്ച കൈകേയി തന്റെ അന്തഃപുരത്തിൽ കയറി ഇരുന്നു.
രാത്രിയിൽ കൈകേയിയുടെ അന്തഃപുരത്തിലെത്തിയ ദശരഥ മഹാരാജാവ് ഏറെ വിചിത്രമായ ഒരു കാഴ്ചയാണ് കണ്ടത്. രാജവസ്ത്രങ്ങൾക്ക് പകരം സാധാരണ വസ്ത്രമുടുത്ത് സ്വർണ്ണാഭരണങ്ങളെല്ലാം ഉപേക്ഷിച്ച് നിലത്തു കിടക്കുകയായിരുന്നു കൈകേയി. അത്ഭുത സ്തബ്ധനായ ദശരഥൻ കൈകേയിയോട് കാരണമന്വേഷിച്ചു. കരഞ്ഞു കരഞ്ഞു വിവശയായ കൈകേയി ദശരഥനോട് മുൻ നിശ്ചയിച്ച പ്രകാരമുള്ള രണ്ട് ആവശ്യങ്ങൾ പറഞ്ഞു. ഒന്നാമതായി ഭരതകുമാരനെ യുവരാജാവായി വാഴിക്കണം, രണ്ടാമത്തേത് ശ്രീരാമൻ പതിനാല് വർഷം വനവാസം അനുഷ്ഠിക്കണം. കൈകേയിയുടെ ആവശ്യങ്ങൾ കേട്ട ദശരഥൻ ബോധരഹിതനായി നിലംപതിച്ചു. അല്പം കഴിഞ്ഞ് ബോധം വീണ്ടെടുത്ത ദശരഥൻ കൈകേയിയുടെ മുന്നിൽ കരഞ്ഞുകൊണ്ട് തന്റെ ആവശ്യങ്ങൾ ഉപേക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചു. എന്നാൽ പണ്ട് ദേവാസുര യുദ്ധത്തിൽ പങ്കെടുത്ത് ദശരഥനെ യുദ്ധവിജയത്തിനായി സഹായിച്ചപ്പോൾ നൽകിയ രണ്ടു വരങ്ങൾ ഈ രൂപത്തിൽ തന്നാൽ മതിയെന്ന കൈകേയിയുടെ വാക്കുകൾ ദശരഥനെ വിഷമവൃത്തത്തിലാക്കി.