വെല്ലുവിളികൾ വഴികാട്ടുന്പോൾ...
വൽസ ജേക്കബ്
പ്രശസ്ത അമേരിക്കൻ മനഃശാസ്ത്രജ്ഞൻ മാർട്ടിൻ സെലിഗ്മെൻ പറയുന്നത്, "ഓരോ മനുഷ്യരുടെയും മനസ്സിൽ ശക്തമായ ഓരോ വാക്കുകൾ ഉണ്ട്. അത് ഒന്നുകിൽ ‘യേസ്’ അല്ലെങ്കിൽ ‘നോ’ എന്നാകും. അതായത് ‘യേസ്’ എന്ന ചിന്താഗതിയുള്ളവർ ജീവിതത്തിലെ ഏത് സാഹചര്യത്തോടും വ്യക്തികളോടും ഒരു സഹകരണ മനോഭാവത്തോടെ ഇടപെടും. മാത്രമല്ല എവിടേയും സാധ്യതകളെ കണ്ടെത്തുന്നവർ ആയിരിക്കും. ‘നോ’എന്നു പറയുന്നവരോട് നമ്മൾ സംസാരിച്ചാൽ നമുക്കും നിരാശ അനുഭവപ്പെടും. സ്വയം നാം നമ്മെ വിലയിരുത്തുക. പ്രശ്നങ്ങളോ പ്രതിസന്ധികളോ വന്നാൽ അവയെ ഒരു വെല്ലുവിളിയായി കണ്ടു അവയെ നേരിടാനാണോ അതോ അതിൽ നിന്നും ഒളിച്ചോടാനാണോ നാം ശ്രമിക്കുന്നത്.
ബ്രിട്ടൻ പ്രധാനമന്ത്രി ആയിരുന്ന വിൻസ്റ്റൻ ചർച്ചിൽ, ലോകം കണ്ട മികച്ച ഭരണാധികാരിയാണ്. അദ്ദേഹം ആദ്യമേ സ്വന്തം പ്രവർത്തന മണ്ധലം വിലയിരുത്തും. എന്തായാലും എങ്ങനെയും അതിൽ വിജയിക്കുക എന്ന് പ്രതിജ്ഞ എടുക്കുക മാത്രമല്ല അതിനായി ആത്മാർഥമായി പ്രവർത്തിക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ തത്വം. ചെറുപ്പത്തിൽ അദ്ദേഹം പഠനത്തിൽ അത്ര മികവൊന്നും കാട്ടിയിരുന്നില്ല. സ്കൂളിൽ നിന്നും അദ്ധ്യാപകരുടെ പരാതികൾ വന്നുകൊണ്ടിരുന്നു. അപ്പോൾ ചർച്ചിലിനോടു അവന്‍റെ പപ്പ ചോദിച്ചു, "എന്താണിത് നീ ഒന്നും പഠിക്കുന്നില്ലേ പ്രത്യേകിച്ച് കണക്ക്". അവൻ പറഞ്ഞ മറുപടി, "പപ്പാ നോക്കിക്കൊ, ഒരു ദിവസം ഞാൻ തെളിയിക്കും ഞാൻ മിടുക്കനെന്ന്" പിന്നീട് ചേർന്ന സ്കൂളിൽ പഠനത്തിൽ ഒന്നാമതെത്തി, മാത്രമല്ല കുട്ടികളുടെ പല സംരഭങ്ങൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുവാൻ ആ ബാലൻ മുന്‍പിലെത്തി. ജീവിതത്തിൽ പിന്നീട് വിജയങ്ങൾ മാത്രമാണ് അദ്ദേഹം നേടിയെടുത്തത്. പട്ടാളസേവനത്തിന് എത്തിപ്പെട്ട അദ്ദേഹം ഓരോ പടികൾ വളരെ വേഗം ചവുട്ടിക്കയറി. ഉന്നതമായ സ്ഥാനത്തെത്തി. രണ്ടു ലോക മഹായുദ്ധങ്ങളിലും അദ്ദേഹത്തിന്റെ നേതൃത്വം ബ്രിട്ടന് ആശ്വാസവും ആവേശവുമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളും പ്രവർത്തികളും കൂടെയുള്ളവരെ പ്രോൽസാഹിപ്പിക്കുന്നതായിരുന്നു. ഏത് വെല്ലുവിളിയെയും ജീവിതത്തിൽ ഇത്ര ധീരതയോടെ നേരിട്ട അപൂർവ്വം ചില വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയത്ത് ജർമ്മനിയുടെ നാസ്സിപ്പട ലോകം കീഴ്പ്പെടുത്തി മുന്നേറുന്നത് ഏവരും ഭയപ്പാടോടെ ആണ് നിരീക്ഷിച്ചത്. അപ്പോൾ ബ്രിട്ടൻ ജനതയെ, മുന്‍പിൽ കാണുന്ന വെല്ലുവിളിയെ കീഴ്പ്പെടുത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു. അദ്ദേഹം പറഞ്ഞത്, "ഞങ്ങൾ ഒരിയ്ക്കലും കീഴടങ്ങുകില്ല, we shall never surrender"എന്നാണ്.". we shall fight in France, we shall fight on the seas and oceans, we shall fight with growing confidence and growing strength in the air, we shall defend our island, whatever the cost may be, we shall fight on the beaches, we shall fight on the landing grounds, we shall fight in the fields and in the streets, we shall fight in the hills; we shall never surrender" അത് ബ്രിട്ടൻ ജനതയുടെ ആവേശത്തെ, അഭിമാനത്തെ വാനോളം ഉയർത്തി. കീഴടങ്ങാതെ നാസ്സിപ്പടയെ നേരിട്ടു. വീണ്ടും അദ്ദേഹം പറഞ്ഞത്, "വിയർപ്പും കണ്ണീരും രക്തവും ഞാൻ നിങ്ങൾക്ക് തരുന്നു" അദ്ദേഹത്തിന്‍റെ ചിന്തയിലും വാക്കിലും പ്രവർത്തിയിലും വെല്ലുവിളികളെ നേരിടാനുള്ള ഊർജ്ജം ആവോളം ഉണ്ടായിരുന്നു. തോറ്റ് പിന്‍മാറാനല്ല, നേരിട്ടു വിജയിക്കാനാണ് അദ്ദേഹം ലോകത്തെ പഠിപ്പിച്ചത്.
വെല്ലുവിളികളാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. അതിനെ എങ്ങനെ നാം നേരിടുന്നു എന്നതിലാണ് നമ്മുടെ വിജയം. ഓരോ വെല്ലുവിളികളും ആയുധമാക്കി ജീവിതത്തെ മുന്നോട്ട് നയിക്കണം. തോൽവി സംഭവിച്ചാലും വിജയത്തിനുള്ള വഴികൾ കണ്ടെത്തണം. ഒന്നിനുപുറകെ മറ്റൊന്നായി വെല്ലുവിളികൾ നമുക്കുണ്ടാകും, അവിടെ ധീരതയോടെ നേരിടാനുള്ള ശക്തി ആർജ്ജിക്കണം.
